Wednesday, April 2, 2025

മുപ്പത്തിമൂന്നാം ഒളിമ്പിക്‌സിന് നാളെ തുടക്കം

ഒളിമ്പിക്‌സിന് നാളെ പാരീസില്‍ ഔദ്യോഗിക തുടക്കം. 206 ഒളിമ്പിക് കമ്മിറ്റികള്‍ക്ക് കീഴിലായി 10,500 അത്‌ലറ്റുകളാണ് മത്സരിക്കാനിറങ്ങുന്നത്. ചരിത്രത്തിലാദ്യമായി പ്രധാനവേദിക്ക് പുറത്താണ് ഇത്തവണ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. മുപ്പത്തിമൂന്നാമത്തെ ഒളിമ്പിക്സാണ് ഇത്തവണത്തേത്. നൂറുവര്‍ഷത്തിന് ശേഷമെത്തുന്ന കായികമാമാങ്കത്തെ അത്ഭുതകാഴ്ചകളൊരുക്കി ഞെട്ടിക്കാനൊരുങ്ങുകയാണ് പാരീസ് നഗരം.

പാരീസിലിറങ്ങിയ താരങ്ങള്‍ക്കെല്ലാം ഓളംതട്ടിയൊഴുകുന്ന സെയ്ന്‍ നദിയിലും തീരത്തുമായാണ് നാളെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ഓസ്റ്റര്‍ലിറ്റസ് പാലത്തിന് സമീപത്ത് നിന്ന് പ്രാദേശികസമയം വൈകിട്ട് 7.30ന് നൂറിലധികം ബോട്ടുകളിലായി പാസ്റ്റ് ആരംഭിക്കും. വിവിധ രാഷ്ട്ര തലവന്‍മാരും സുപ്രധാന വ്യക്തികളും പരേഡിനെ അഭിവാദ്യം ചെയ്യും. നൃത്തവും ദൃശ്യാവിഷ്‌കാരങ്ങളുമായി മൂവായിരത്തിലധികം കലാകരന്‍മാരാണ് സെയ്ന്‍ നദിയെ കളറാക്കാന്‍ തയ്യാറെടുത്തിരിക്കുന്നത്.

മൂന്നരലക്ഷത്തിലധികം കാണികള്‍ക്ക് ഉദ്ഘാടന ചടങ്ങ് നേരിട്ട് വീക്ഷിക്കാനാവും. പലസ്തീന്‍ അധിനിവേശം തുടരുന്ന ഇസ്രായേലിനെതിരെ മേള അവസാനിക്കുംവരെ പ്രതിഷേധിക്കുമെന്ന് ഒരുവിഭാഗം കാണികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 45,000 ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാരീസില്‍ വിന്യസിച്ചിരിക്കുന്നത്. ലോകാത്ഭുതമായ ഈഫല്‍ ടവറിന് അഭിമുഖമായി തയ്യാറാക്കിയ വേദിയിലാണ് ഉദ്ഘാടനചടങ്ങ്. 35 വേദികളില്‍ 32 ഇനങ്ങളിലായി 329 മത്സരങ്ങളാണ് നടക്കുക. 117 പേരാണ് ഇന്ത്യക്കായി മെഡല്‍ വേട്ടക്കറിങ്ങുന്നത്.

 

Latest News