രാജ്യത്തെ പകുതിയിലധികം കര്‍ഷകകുടുംബങ്ങളും വന്‍ കടബാധ്യത പേറുന്നവരാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക വിശകലന സര്‍വേ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുപ്രകാരം 2021-ലെ ഒരു കര്‍ഷകകുടുംബത്തിന്റെ ശരാശരി കടബാധ്യത 74,121 രൂപയാണ്. 2013-ല്‍ 47,000 രൂപയായിരുന്ന സ്ഥാനത്താണിത്. 57 ശതമാനം വര്‍ധന.
താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ത്തിയുള്ള കര്‍ഷകസമരം ചൂടുപിടിക്കുന്നതിനിടയിലാണ് സര്‍വേ റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നത്. ബാങ്കുകള്‍, സഹകരണസംഘങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ വഴിയെടുത്ത കാര്‍ഷിക വായ്പക്കുടിശ്ശിക 69.6 ശതമാനംവരും. 20.5 ശതമാനം വായ്പകളും കാര്‍ഷിക, പ്രൊഫഷണല്‍ പണമിടപാടുകാരില്‍നിന്നെടുത്തവയാണ്.
റിപ്പോര്‍ട്ടുപ്രകാരം രാജ്യത്ത് 9.3 കോടി കര്‍ഷികകുടുംബങ്ങളാണ് ആകെ. ഇവരില്‍ 54 ശതമാനവും ഗ്രാമീണമേഖലയിലാണ്. ഒരു ഹെക്ടറില്‍ത്താഴെ ഭൂമിയുള്ള കര്‍ഷകകുടുംബങ്ങള്‍ 70.4 ശതമാനം വരും. 10 ഹെക്ടറിനുമുകളില്‍ ഭൂമിയുള്ള കര്‍ഷകകുടുംബങ്ങള്‍ വെറും 0.4 ശതമാനം മാത്രം. കര്‍ഷകകുടുംബങ്ങളില്‍ സ്ഥിരവേതനമുള്ളവര്‍ 7.7 ശതമാനമേ വരൂ. 2.6 ശതമാനം ഭൂരഹിതരായ കര്‍ഷകകുടുംബങ്ങളുണ്ട്. ഒരു കുടുംബത്തിന്റെ ശരാശരി കൃഷിഭൂമി 0.876 ഹെക്ടറാണ്.