Saturday, November 23, 2024

ആന്റിബയോട്ടിക് എന്ന ഭീകരന്‍

സോഷ്യല്‍ മീഡിയയിലെ വ്യാജഡോക്ടര്‍മാര്‍ സാധാരണക്കാരെ ഏറ്റവും കൂടുതല്‍ കബളിപ്പിക്കുന്ന ഒരു വിഷയമാണ് ആന്റിബയോട്ടിക്കിന്റെ ഉപയോഗം. ആന്റിബയോട്ടിക് എപ്പോള്‍, എങ്ങനെ കഴിക്കണം എന്നു പറയേണ്ടത് ആരാണ്, ആന്റിബയോട്ടിക് തുടര്‍ച്ചയായി ഉപയോഗിക്കാമോ, ആന്റിബയോട്ടിക് കുടലിലെ ബാക്ടീരിയ നശിപ്പിക്കുമോ, ആന്റിബയോട്ടിക് കഴിച്ചാല്‍ ടെന്‍ഷന്‍ കൂടുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഡോ. ജോജോ ജോസഫ് ഉത്തരം നല്‍കുന്നു.

ലോക തൊഴിലാളിദിനമായ മെയ് ഒന്നിന് നടന്ന സംഭവമാണ് ഈ ലേഖനം എഴുതാന്‍ എനിക്ക് പ്രചോദനം നല്‍കിയത്. കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയനേതാവിന്റെ ഭാര്യയുടെ വലതുകാലില്‍ ഉണ്ടായ സാര്‍ക്കോമ എന്ന കാന്‍സറിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഈ സംഭവം നടന്നത്. വലതു തുടയില്‍ ഉണ്ടായ ട്യൂമര്‍, ഒരു കോംപ്ലക്‌സ് സര്‍ജറി വഴി, ഫെബ്രുവരിയിലാണ് ഞാന്‍ നീക്കം ചെയ്തത്. ട്യൂമര്‍ അല്പം വലുതായിരുന്നതിനാല്‍ ഒരു കോംപ്ലക്‌സ് സര്‍ജറി ആണ് ചെയ്തത്. രണ്ടു തവണ ആന്റിബയോട്ടിക് കൊടുക്കേണ്ടതായും വന്നു. സര്‍ജറിക്കുശേഷം റേഡിയേഷന്‍ ചികിത്സയും ആവശ്യമായിവന്നിരുന്നു. ചികിത്സയെല്ലാം ഒരു കുഴപ്പവുമില്ലാതെ തീരുകയും ചെയ്തു.

ഏപ്രില്‍ അവസാനത്തോടെ സര്‍ജറി ചെയ്ത ഭാഗത്ത് നീരും വേദനയുമായി അവര്‍ എന്റെ അടുത്ത് വീണ്ടും വന്നു. പരിശോധനയില്‍, ചെറിയ അണുബാധയുണ്ടെന്നും അതുപോലെ ഉള്ളില്‍ അല്‍പം കളക്ഷന്‍ അഥവാ നീര് ഉണ്ടെന്നും എനിക്ക് മനസ്സിലായി. അത് പഴുപ്പാകാതിരിക്കാന്‍ ഞാന്‍ കുറച്ച് ആന്റിബയോട്ടിക് നല്‍കി. നീരും വേദനയും മാറാന്‍ മറ്റു കുറച്ചു മരുന്നുകളും നല്‍കി.

മെയ് ഒന്ന് ഞങ്ങള്‍ക്ക് ഹോസ്പിറ്റലില്‍ ഒ.പി. അവധിയാണ്. അതിനാല്‍ രാവിലെ റൗണ്ട്‌സ് എടുത്ത് വീട്ടില്‍ പോയി. ഉച്ചയ്ക്ക് ഒന്നര ആയപ്പോള്‍ അത്യാഹിതവിഭാഗത്തില്‍ നിന്നും എനിക്കൊരു സന്ദേശമെത്തി.

‘ഡോക്ടറുടെ ഒരു രോഗി ഇവിടെ അഡ്മിറ്റ് ആയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ച മരുന്ന് വാങ്ങി പോയ ആളാണ്. ഭയങ്കര പനിയും കാലുവേദനയുമായിട്ടാണ് ഇവിടെ വന്നിട്ടുള്ളത്. ഡോക്ടറെ ഇപ്പോള്‍ത്തന്നെ കാണണമെന്നു പറഞ്ഞു കൂട്ടത്തിലുള്ള ആള്‍ ഭയങ്കര ബഹളമാണ്. അദ്ദേഹത്തിന് എവിടെയോ മീറ്റിംഗിനു പോകണമെന്നാണ് പറയുന്നത്’ – ഇതായിരുന്നു സന്ദേശത്തിന്റെ ചുരുക്കം.

രോഗിയുടെ പേര് കേട്ടപ്പോള്‍ തന്നെ എനിക്ക് ആളെ പിടികിട്ടി. അദ്ദേഹം ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടി നേതാവാണ്. അതിനാല്‍ ലോക തൊഴിലാളിദിനമായ മെയ് മാസത്തിന്റെ ആദ്യദിനം ആശുപത്രിയില്‍ കളയാന്‍ അദ്ദഹത്തിനു തീരെ താല്പര്യമില്ല!

എന്നെ സംബന്ധിച്ച്, വല്ലപ്പോഴുമാണ് ഇതുപോലെ ആശുപത്രിക്ക് അവധി ലഭിക്കുന്നത്. അതിനാല്‍ കുടുംബസമേതം ഒരു ലഞ്ച് കഴിക്കാന്‍ ഇറങ്ങുമ്പോഴാണ് ഈ വിളി വന്നത്. ഏതായാലും ഞാന്‍ അല്ല ‘കാള്‍ ഡ്യൂട്ടി.’ എങ്കിലും പോകുന്നവഴി അവിടെ വന്ന് കണ്ടോളാം എന്ന് ഞാന്‍ പറഞ്ഞു.

ഞാന്‍ അധികം വൈകാതെ അത്യാഹിതവിഭാഗത്തിലെത്തി രോഗിയെ കണ്ടു. നീര് വല്ലാതെ കൂടിയിട്ടുണ്ട്, വേദനയുണ്ട്, പനിയുമുണ്ട്. കാര്യം തിരക്കിയപ്പോള്‍ ആണ് യഥാര്‍ഥ വിവരം പുറത്തുവന്നത്. ഞാന്‍ കൊടുത്തുവിട്ട ആന്റിബയോട്ടിക് അവര്‍ കഴിച്ചിട്ടില്ല!

അതിനു പിന്നിലും ഒരു കാരണമുണ്ട്. ഇവര്‍ പൊതുവെ അല്‍പം ടെന്‍ഷനുള്ള വ്യക്തിയാണ്. അതുപോലെതന്നെ ചില ചര്‍മ്മപ്രശ്‌നങ്ങളും ഉണ്ട്. സര്‍ജറി ചെയ്ത സമയത്തു മുറിവ് പഴുക്കാതിരിക്കാന്‍ രണ്ടു പ്രാവശ്യം ആന്റിബയോട്ടിക് എടുത്തിരുന്നു. അവരുടേത് ഒരു കോംപ്ലക്‌സ് സര്‍ജറി ആയിരുന്നു എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. രണ്ടു പ്രാവശ്യം ആന്റിബയോട്ടിക് എടുത്തതിനാല്‍ വീണ്ടും ആന്റിബയോട്ടിക് കഴിക്കുന്നതില്‍ നിന്നും നമ്മുടെ രാഷ്ട്രീയനേതാവായ ഭര്‍ത്താവ് ഭാര്യയെ വിലക്കിയത്രെ! അതിനാല്‍ വേദനയ്ക്കുള്ള മരുന്നുകള്‍ മാത്രമേ കഴിച്ചിട്ടുള്ളൂ. വേദന മാറിയതിനാല്‍ അസുഖം കുറഞ്ഞു എന്ന് അവര്‍ കരുതി.

ഇത് കേട്ടപ്പോള്‍ ചിരിക്കണോ അതോ കരയണോ എന്ന അവസ്ഥയിലായി ഞാന്‍. എന്തുകൊണ്ടാണ് അങ്ങനെ തീരുമാനിച്ചതെന്ന് നമ്മുടെ തൊഴിലാളിനേതാവിനോടു ചോദിച്ചപ്പോള്‍ അദ്ദേഹം ഏതോ ശാസ്ത്രപ്രബന്ധം എന്ന രീതിയില്‍ ഒരു വീഡിയോ എന്നെ കാണിച്ചു.

വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്. ‘നിവൃത്തിയില്ലാത്ത സമയത്തും നമ്മുടെ രോഗങ്ങള്‍ യാതൊരു കാരണവശാലും മാറുന്നില്ല എങ്കില്‍മാത്രം ആന്റിബയോട്ടിക് എടുക്കുക. ആന്റിബയോട്ടിക് എടുത്താല്‍ നമ്മുടെ കുടലിലെ നല്ല അണുക്കള്‍ നശിച്ചുപോകും. അത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. നെഞ്ചിരിച്ചില്‍, പുളിച്ചുതികട്ടല്‍, ടെന്‍ഷന്‍ കൂടുല്‍, ചര്‍മ്മപ്രശ്‌നങ്ങള്‍, ക്ഷീണം എന്നിവയുണ്ടാകും. അതിനാല്‍ ആന്റിബയോട്ടിക് ഉപയോഗം നമ്മുടെ ശരീരത്തെ നശിപ്പിക്കുകയാണ്. അതുകൊണ്ട് വല്ലപ്പോഴുംമാത്രം ആന്റിബയോട്ടിക് എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്.’ മനോജ് ജോണ്‍സണ്‍ എന്ന ‘ആരോഗ്യവിദഗ്ധന്റെ’ വീഡിയോയാണ്.

ഈ വീഡിയോയിലെ മനോജ് ജോണ്‍സണ്‍ എന്ന ആരോഗ്യവിദഗ്ധന്‍ ആരാണ് എന്ന് അന്വേഷിച്ചു. ഏതു വിഭാഗത്തിലെ ഡോക്ടറാണ് എന്നറിയാന്‍ വേണ്ടിയുള്ള എന്റെ അന്വേഷണത്തില്‍, അദ്ദേഹം ഒരു യോഗ ഡോക്ടറാണ് എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. യോഗയിലും നാച്യുറോപ്പതിയിലും ബാച്ലര്‍ ഡിഗ്രി ആണ് ഇദ്ദേഹം നേടിയിട്ടുള്ളത് എന്നതാണ് ഈ യൂട്യൂബറുടെ വെബ്‌സൈറ്റ് പറയുന്നത്. അല്ലാതെ ആധുനിക വൈദ്യശാസ്ത്രവുമായോ, ആന്റിബയോട്ടിക് ചികിത്സയെക്കുറിച്ചോ ഇദ്ദേഹത്തിന് യാതൊരു ബന്ധമില്ല എന്നും വെബ്‌സൈറ്റ് പറയുന്നുണ്ട്.

ഞാന്‍ ഇതിവിടെ ഇവിടെ പറയാന്‍ കാരണമുണ്ട്. എം.ബി.ബി.എസ് (MBBS) നാലര വര്‍ഷം ചെലവഴിച്ചു ഞാന്‍ പഠിച്ചു. പിന്നെ ഒരു വര്‍ഷം ഹൌസ് സര്‍ജന്‍സി ചെയ്തു. അതിനുശേഷം മൂന്നു വര്‍ഷം സര്‍ജറി പഠിച്ചു. തുടര്‍ന്ന് എം.എസ് (MS) ഡിഗ്രി എടുത്തു. വീണ്ടും കാന്‍സര്‍ സര്‍ജറിയില്‍ എം.സി.എച്ച് (MCH) പഠിക്കാന്‍ മൂന്നു വര്‍ഷം ചിലവഴിച്ചു. അതിനുശേഷം 25 വര്‍ഷങ്ങള്‍ മോഡേണ്‍ മെഡിസിന്‍ പ്രാക്ടീസ് ചെയ്ത് അനുഭവസമ്പത്ത് നേടിയെടുത്തു.

ഇങ്ങനെയുള്ള ഒരാള്‍ കൊടുത്ത മരുന്നു കഴിക്കാതെ, സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഡോക്ടര്‍ വേഷധാരികളുടെ ഉപദേശം സ്വീകരിക്കുന്നവരാണ് നമ്മെ ഭരിക്കുന്ന ചില രാഷ്ട്രീയനേതാക്കള്‍ പോലും! ഇതാണ് നമ്മുടെ നാടിന്റെ സങ്കടകരവും നിരാശകരവുമായ അവസ്ഥ. ഇത് സത്യമായും ഒരു ദുരവസ്ഥയാണ്. പ്രബുദ്ധകേരളം എന്നവകാശപ്പെടുന്ന നമ്മുടെ നാടിന്റെ ആരോഗ്യരംഗത്തിന്റെ ഭാവി എങ്ങനെയായായിരിക്കും എന്നതിനെക്കുറിച്ചു നമ്മള്‍ എല്ലാവരും ആകുലപ്പെടേണ്ടതുണ്ട്.

ആന്റിബയോട്ടിക് എപ്പോള്‍, എങ്ങനെ കഴിക്കണം എന്നു പറയേണ്ടത് ആരാണ്?

ഇനി ഈ യോഗ ഡോക്ടര്‍ മനോജ് ജോണ്‍സണ്‍ ആന്റിബയോട്ടിക്കിനെക്കുറിച്ചു പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്നുകൂടി പരിശോധിക്കാം. ആധികാരികമായി പറയാന്‍ അദ്ദേഹത്തിന് ഒരിക്കലും അവകാശമില്ല. നിവൃത്തിയില്ലാത്ത സമയത്തും നമ്മുടെ രോഗങ്ങള്‍ മാറുന്നില്ല എങ്കിലും ആന്റിബയോട്ടിക് കഴിക്കണം എന്നതാണ് അദ്ദേഹത്തിന്റെ ആദ്യ ഉപദേശം. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക. അദ്ദേഹം മനസ്സിലാക്കിവച്ചിരിക്കുന്നതുപോലെ എല്ലാ രോഗങ്ങള്‍ക്കുമുള്ള മരുന്നല്ല ഈ ആന്റിബയോട്ടിക് എന്നത്. ചിലതരം അണുബാധയ്‌ക്കെതിരെ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. അതായത് ചില ബാക്ട്ടീയകളെ നശിപ്പിക്കാന്‍ മാത്രം. എന്നാല്‍ ചിലപ്പോള്‍ സര്‍ജറി അല്ലെങ്കില്‍ മറ്റ് മെഡിക്കല്‍ നടപടിക്രമങ്ങള്‍ (Invasive Procedure) ചെയ്യുമ്പോള്‍ അണുബാധ വരാതെ പ്രാഫിലാക്റ്റിക് (Prophylactic – രോഗനിവാരണൗഷധം) ആയിട്ടും ഉപയോഗിക്കാറുണ്ട്. അത് ചിലപ്പോള്‍ ഒറ്റ ഡോസ് ആയിരിക്കാം.

അല്ലെങ്കില്‍ കുറച്ചു ദിവസത്തേക്ക് ആയിരിക്കാം. അല്ലാതെ ഇദ്ദേഹം പറയുന്നമാതിരി, നിവൃത്തിയില്ലാത്ത സമയത്തോ അല്ലെങ്കില്‍ രോഗം മാറാത്ത അവസ്ഥയിലോ അല്ല ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കേണ്ടത്. രോഗാവസ്ഥ അനുസരിച്ച്, ചികിത്സിക്കുന്ന ഡോക്ടറാണ് അതൊക്കെ നിശ്ചയിക്കേണ്ടത്. ഏത് ആന്റിബയോട്ടിക് വേണം, എപ്പോള്‍ വേണം, എത്ര ഡോസ് വേണം, എത്ര ദിവസം വേണം എന്നൊക്കെ. കൂടാതെ, അദ്ദേഹം പറയുന്നതുപോലെ സ്ഥിരമായി ഉപയോഗിക്കാനുള്ളതുമല്ല ആന്റിബയോട്ടിക് മരുന്നുകള്‍. ഇതുപോലെ തന്നെയാണ് വൈറസുകള്‍ക്കെതിരെ ആന്റിവൈറല്‍ (Antiviral) മരുന്നുകളും, ഫംഗല്‍ (Fungal) അണുബാധക്കെതിരെ ആന്റിഫംഗല്‍ (Antifungal) മരുന്നുകളും, വിരകള്‍ക്കെതിരെ ആന്റിഹെല്‍മിന്‍ത്ത് (Anti Helminth) മരുന്നുകളും ഉപയോഗിക്കുന്നത്.

ആന്റിബയോട്ടിക് തുടര്‍ച്ചയായി ഉപയോഗിക്കാമോ?

ഇനി യോഗ ഡോക്ടറുടെ അടുത്ത ഉപദേശം നോക്കാം. അതായത് ആന്റിബയോട്ടിക് ആവര്‍ത്തനമായി ഉപയോഗിക്കരുത്. ഇതാണ് നമ്മുടെ രാഷ്ട്രീയനേതാവിനെ ഭയപ്പെടുത്തിയ ഭാഗം. സാധാരണ ഒരു നിശ്ചിതസമയത്തേക്കു മാത്രമാണ് ഒരു ആന്റിബയോട്ടിക് ഉപയോഗിക്കുന്നത്. എന്നാല്‍ ഒരു പ്രാവശ്യം ഒരു ആന്റിബയോട്ടിക് ഉപയോഗിച്ചിട്ടുണ്ട് എന്നതുകൊണ്ട് വീണ്ടും ആന്റിബയോട്ടിക് ഉപയോഗിച്ചാല്‍ പ്രശ്‌നമാകും എന്നത് ഒരു തെറ്റിധാരണ മാത്രമാണ്. ഒരു ആന്റിബയോട്ടിക് ഉപയോഗിക്കുന്ന സമയം മാത്രമേ അതിന്റെ ഫലം നമ്മുടെ ശരീരത്തു ഉണ്ടാവുകയുള്ളൂ. നമ്മുടെ ശരീരത്തിനേറ്റ അണുബാധ മാറുന്നതുവരെ ചിലപ്പോള്‍ തുടര്‍ച്ചയായി ആന്റിബയോട്ടിക് ഉപയോഗിക്കേണ്ടിവരാറുണ്ട്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഒരു ഡോസ് കഴിയുമ്പോള്‍ മറ്റൊരു ആന്റിബയോട്ടിക്കായിരിക്കും ഉപയോഗിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ കള്‍ച്ചര്‍ ചെയ്ത് ഏത് ആന്റിബയോട്ടിക്കാണ് ഫലപ്രദമെന്നു കണ്ടുപിടിച്ചിട്ടാണ് കൊടുക്കുന്നത്.

ആന്റിബയോട്ടിക് കുടലിലെ ബാക്ടീരിയ നശിപ്പിക്കുമോ?

ഇനി മൂന്നാമത്തെ ഉപദേശം. ആന്റിബയോട്ടിക് കുടലിലെ ബാക്ടീരിയ നശിപ്പിക്കും; അത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. മോഡേണ്‍ മെഡിസിന്‍ പഠിക്കാതെ മോഡേണ്‍ മെഡിസിന്‍ കൈകാര്യം ചെയ്യാന്‍ യോഗ ഡോക്ടര്‍ ശ്രമിക്കുന്നതാണ് ഈ പ്രശ്‌നത്തിനു കാരണം. അപകടകാരിയായ അണുക്കളെ നശിപ്പിക്കുന്നതിനോടൊപ്പം ശരീരത്തിലെ, പ്രത്യേകിച്ച് കുടലിലെ അണുക്കളും ഒരു പരിധിവരെ നശിച്ചുപോകും എന്നത് സത്യമാണ്.

എന്നാല്‍ സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്‌സുകള്‍ ഒന്നുംതന്നെ നമുക്ക് പ്രശ്‌നമുണ്ടാക്കുന്ന രീതിയില്‍ ‘ഗട്ട് മൈക്രോബയോം’ (മനുഷ്യന്റെ കുടലിനുള്ളിലെ ബാക്ടീരിയകള്‍, അവയുടെ ആവാസവ്യവസ്ഥ ഇവയെയെല്ലാം കൂടി സൂചിപ്പിക്കുന്ന പദം. ഇത് സാധാരണ ജീവിതത്തിന് ആവശ്യമായ അവസ്ഥയാണ്) പ്രവര്‍ത്തനത്തെ ബാധിക്കാറില്ല. ചില രോഗപ്രതിരോധശേഷിയില്ലാത്തവരിലോ (Immunocompromised), അല്ലെങ്കില്‍ ചില പ്രത്യേകതരം ആന്റിബയോട്ടിക് ഉപയോഗിക്കേണ്ടിവരുന്ന ചുരുക്കം ചിലരിലോ മാത്രമേ ഇത് എന്തെങ്കിലും പ്രശ്‌നമുണ്ടാക്കാറുള്ളൂ. എന്നാല്‍ മോഡേണ്‍ മെഡിസിന്‍ പഠിച്ച ഡോക്ടര്‍ ഇത് മുന്നില്‍ക്കണ്ട് അതിന് പ്രതിവിധി ചെയ്യുകയും ചെയ്യും.

ആന്റിബയോട്ടിക് കഴിച്ചാല്‍ ടെന്‍ഷന്‍ കൂടുമോ?

ഇനി അടുത്ത വ്യാജപ്രചാരണത്തിലേക്കു ഒന്ന് നോക്കാം. അതായത് ആന്റിബയോട്ടിക് കഴിച്ചാല്‍ ടെന്‍ഷന്‍ കൂടും, ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന പ്രചാരണം. ആന്റിബയോട്ടിക് കഴിച്ചതുകൊണ്ടോ, ‘ഗട്ട് മൈക്രോബയോം’ നശിച്ചാലോ ആര്‍ക്കും ടെന്‍ഷന്‍ കൂടുകയോ ചര്‍മ്മപ്രശ്‌നങ്ങള്‍ ഉണ്ടാകുകയോ ചെയ്തതായി ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇനി അലര്‍ജി വല്ലതുമാണോ യോഗ ഡോക്ടര്‍ ഉദ്ദേശിക്കുന്നത് എന്നറിയില്ല. അത് ആന്റിബയോട്ടികിനു മാത്രമല്ല നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ക്കുപോലും ഉണ്ടാവാം. ഇതൊക്കെ എവിടെ നിന്ന് പഠിച്ചതാണ് എന്ന് ആര്‍ക്കറിയാം?

ഇതുപോലെ തനിക്ക് അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച്, ആധികാരികമായി പറയുന്നവരെ ഇംഗ്ലീഷ് ഭാഷയില്‍ ഒരു പേര് വിളിക്കാറുണ്ട്. ‘അള്‍ട്രാക്രെപിഡേറിയന്‍’ (Ultracrepidarian) എന്നാണത്. എന്നുവച്ചാല്‍, അറിവില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായവും ഉപദേശവും നല്‍കുന്നയാള്‍ എന്നര്‍ത്ഥം. (It’s a perosn who has little or no knowledge about a subject but will still want to give their opinion on it). ഇങ്ങനെയുള്ള ആള്‍ക്കാരെ വിശേഷിപ്പിക്കാന്‍ ഏറ്റവും പറ്റിയ പേരാണിത് .

ആന്റിബയോട്ടിക്കിനെക്കുറിച്ചു നമ്മള്‍ അറിഞ്ഞിരിക്കേണ്ട യാഥാര്‍ഥ്യങ്ങള്‍

ആന്റിബിയോട്ടിക് റെസിസ്റ്റന്‍സ് ഈ വിഷയം അവസാനിപ്പിക്കുന്നതിന് മുന്‍പ് ആന്റിബയോട്ടിക്കിനെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട ചില യാഥാര്‍ഥ്യങ്ങള്‍കൂടി പങ്കുവയ്ക്കാം. നമ്മുടെ ആയുര്‍ദൈര്‍ഘൃം ഇപ്പോഴത്തെ നിലയില്‍ എത്തിയതിന് ഒരു പ്രധാന കാരണം ആന്റിബയോട്ടിക്കാണ്. എന്നാല്‍ ബാക്റ്റീരിയകള്‍ കാലക്രമേണ പല ആന്റിബയോട്ടിക്കിനുമെതിരെ പ്രതിരോധം തീര്‍ത്തും തുടങ്ങി. അതിനെയാണ് ആന്റിബിയോട്ടിക് റെസിസ്റ്റന്‍സ് (Antibiotic Resistance) എന്നുപറയുന്നത്. ഇതുമൂലം ഏതാണ്ട് അഞ്ചു മില്യണ്‍ ആള്‍ക്കാര്‍ ഒരു വര്‍ഷം മരിച്ചുപോകുന്നുണ്ട്. ഇത് ഉണ്ടാവാതെ നോക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. ഇതില്‍ ഡോക്ടര്‍മാര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ അവരവരുടെ റോളുകളുണ്ട് എന്നതാണ് വാസ്തവം.

ഈ ചര്‍ച്ച പ്രധാനമായിട്ടും സാധാരണകാര്‍ക്കുവേണ്ടി ഉള്ളതായതുകൊണ്ട് അതിനെക്കുറിച്ചാണ് ഞാന്‍ ഇവിടെ പറയുന്നത്. ഏതു അണുബാധയും നശിക്കാന്‍ ഒരു പ്രത്യേക ഡോസ് ആവശ്യമാണ്. എന്നാല്‍ ഈ ആന്റിബയോട്ടിക് കുറഞ്ഞ അളവിലാണ് എങ്കില്‍ അണുബാധ അതിനെതിരെ റെസിസ്റ്റന്‍സ് ഉണ്ടാക്കും. അങ്ങനെ വരുമ്പോള്‍ അത് മറ്റൊരാളില്‍ അസുഖം ഉണ്ടാകുമ്പോള്‍ മരുന്ന് ഫലിക്കാതെവരും. ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ ഡോക്ടര്‍ തരുന്ന മുഴുവന്‍ ആന്റിബയോട്ടിക് കഴിക്കുക. തന്നെത്താന്‍ ആന്റിബയോട്ടിക് വാങ്ങി കഴിക്കാതിരിക്കുക.

2. കൃഷി സംബന്ധമായ ആന്റിബയോട്ടിക് ഉപയോഗം

നിയന്ത്രണമില്ലാതെ കൃഷിസംബന്ധമായ ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ചും അറിഞ്ഞിരിക്കണം. ലോകത്ത് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കിന്റെ അളവ് നോക്കിയാല്‍ ഏതാണ്ട് 70 ശതമാനവും കൃഷി കാര്യങ്ങള്‍, മൃഗസംരക്ഷണം എന്നിവയിലാണ് ഉപയോഗിക്കുന്നത്. അതായത്, ചെടികളില്‍ അണുബാധ ഉണ്ടാകാതിരിക്കാനായിട്ടും അല്ലെങ്കില്‍ ഫാമുകളില്‍ മൃഗങ്ങള്‍ക്ക് അണുബാധ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയിട്ടുമാണ് ആന്റിബയോട്ടിക് ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടിലെ കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ പലതും ഇതിനുദാഹരങ്ങളാണ്.

ഇങ്ങനെ ഉപയോഗിക്കപെടുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ അവശിഷ്ടങ്ങള്‍ നമ്മള്‍ കുടിക്കുന്ന വെള്ളം, കഴിക്കുന്ന ഭക്ഷണം (ഇറച്ചി, പാല്‍) എന്നിവവഴി ചെറിയ ഡോസില്‍ എല്ലായിടത്തുമെത്തുന്നു. ഇങ്ങനെ ‘പ്രകൃതിയിലെ ലോ-ഡോസ് ബാക്റ്റീരിയകള്‍ക്ക്’ ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് ഉണ്ടാകുന്നു. അങ്ങനെവരുമ്പോള്‍ സാധാരണ ഇന്‍ഫെക്ഷന്‍സിനു പോലും മരുന്നെടുക്കുമ്പോള്‍ ബാക്റ്റീരിയകള്‍ അവയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കും.

സാമൂഹികമായ അവബോധം ഉണ്ടാക്കുക, സാധാരണക്കാര്‍ക്ക് ഇത് പറഞ്ഞുകൊടുക്കുക എന്നുള്ളതാണ് നമുക്കു ചെയ്യാന്‍ സാധിക്കുന്ന കാര്യം. ഈ ‘ആന്റിബയോട്ടിക് റെസിസ്റ്റന്‍സ്’ (Antibiotic Resistance) മൂലം ഇപ്പൊ 50 ലക്ഷം പേരാണ് ഒരു വര്‍ഷം മരിക്കുന്നതെങ്കില്‍, അത് വീണ്ടും കൂടാതിരിക്കാന്‍, Antibiotic Resistance തടയാന്‍ നമുക്കെല്ലാവര്‍ക്കും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാം. അതുപോലെതന്നെ ആന്റിബയോട്ടിക്കിനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളില്‍ വീണ് നമ്മുടെ ആരോഗ്യം നശിപ്പിക്കാതിരിക്കുക. നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധമൂലം നമ്മള്‍ പലരും മരിക്കാന്‍ ഇടയാകും എന്ന് ഓര്‍മ്മിപ്പിക്കുന്നു.

ഡോ. ജോജോ വി. ജോസഫ്

 

Latest News