Thursday, October 10, 2024

കാസ്റ്റലുകളുടെ പുരാതനകല: കാറ്റലോണിയയിലെ മനുഷ്യഗോപുരങ്ങൾ

മനുഷ്യരാൽ നിർമ്മിതമായ മനോഹരവും വ്യത്യസ്തവുമായ ഗോപുരങ്ങളുടെ വർണ്ണക്കാഴ്ചകൾക്കായിരുന്നു സ്‌പെയിനിലെ ടാരഗോണ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. നാല്പതിലധികം ടീമുകൾ ചരിത്രപ്രസിദ്ധമായ ടാരാക്കോ അരീന പ്ലാസയിൽ ഒത്തുകൂടിയപ്പോൾ ലോകം കണ്ടത് കാസ്റ്റൽ എന്ന മനുഷ്യഗോപുര നിർമ്മാണകലയായ, അതിപുരാതനമായ സ്‌പെയിനിന്റെ സാംസ്കാരിക കലാരൂപത്തെയായിരുന്നു.

നൂറുകണക്കിനാളുകൾ കാണികളായെത്തിയ ഈ പ്രദർശനം രണ്ടു വർഷത്തിലൊരിക്കലാണ് നടക്കുന്നത്. 1932-ൽ ആദ്യമായി അരങ്ങേറ്റം കുറിച്ചതിനുശേഷം ഇപ്പോൾ സ്‌പെയിൻ അതിന്റെ 29-ാം പതിപ്പാണ് കഴിഞ്ഞ ദിവസം ലോകചരിത്രത്തോട് ചേർത്തുവച്ചത്.

സ്പെയിനിലെ കാറ്റലോണിയയുടെ ഹൃദയഭാഗത്ത്, മനുഷ്യന്റെ ശക്തിയും സന്തുലനാവസ്ഥയും ധൈര്യവും സാമാന്യബുദ്ധിയും പ്രകടിപ്പിക്കുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പാരമ്പര്യമുണ്ട്. 18-ാം നൂറ്റാണ്ടു മുതൽ കറ്റാലൻ സംസ്കാരത്തിന്റെ പ്രധാനഘടകമാണ് കാസ്റ്റലുകൾ അഥവാ മനുഷ്യഗോപുരങ്ങൾ. ടീം വർക്കിന്റെയും അക്രോബാറ്റിക് വൈദഗ്ദ്ധ്യത്തിന്റെയും മനോഹരമായ ഒരു കൂടിച്ചേരലാണ് ഇത്. അതുകൊണ്ടുതന്നെ സ്‌പെയിനിന്റെ ചരിത്രത്തിലും സംസ്കാരത്തിലും ഇടംപിടിക്കാൻ ഈ മനുഷ്യഗോപുര പ്രദർശനങ്ങൾക്ക് വളരെവേഗം സാധിച്ചു.

1712-ൽ ടാരഗോണയ്ക്കടുത്തുള്ള വാൾസ് പട്ടണത്തിൽനിന്നാണ് കാസ്റ്റലുകളുടെ പാരമ്പര്യം ഉടലെടുക്കുന്നത്. തുടക്കത്തിൽ വലൻസിയയിലെ അൽഗെമെസിയിലെ മുക്‌സെറംഗയെ അടിസ്ഥാനമാക്കി, കാറ്റലോണിയയിലും ബലേറിക് ദ്വീപുകളിലും കാസ്റ്റലുകൾ വ്യാപിച്ചു. 1960 കളിലും 1970 കളിലുമാണ് ഈ കലാരൂപം ജനപ്രീതി നേടിയത്. 1980-കളിൽ പുരുഷന്മാർ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. എന്നാൽ, എൺപതുകൾക്കുശേഷം ഇതിൽ സ്ത്രീകളെ ഉൾപ്പെടുത്തിയത് കാസ്റ്റലുകളുടെ രണ്ടാമത്തെ ‘സുവർണ്ണ കാലഘട്ടത്തിനു’ തുടക്കമിട്ടു.

പൂർണ്ണമായും മനുഷ്യർ മാത്രമുള്ള ഈ ഗോപുരനിർമ്മാണത്തിന് നല്ല വൈദഗ്ദ്ധ്യം ആവശ്യമാണ്. ആളുകൾ ചേർന്നുനിന്നുകൊണ്ട് പല തട്ടുകളിലായി ഉയരത്തിൽ ഗോപുരങ്ങൾ നിർമ്മിക്കുന്നു. സ്‌പെയിനിലെ ഒരു ആഘോഷമായി മാറിയപ്പോൾ ഇതിൽ നൂതനഭാവങ്ങളും സർഗവൈഭവങ്ങളും കൂട്ടിച്ചേർത്തുകൊണ്ട് ഇതൊരു കലയും കഴിവുമാണെന്നു തെളിയിച്ചു.

ശക്തരായ ആളുകൾ ചേർന്ന് ബലമുള്ള അടിത്തറയാണ് കസ്റ്റലുകൾക്ക് ഏറ്റവുമധികം ആവശ്യം. പിന്നീട് ശരീരഭാരം കുറഞ്ഞവരും ഉയരം കൂടുംതോറും ‘ബാലൻസ്’ ചെയ്യാൻ കഴിവുള്ളവരെയും മുകളിലെ നിലകളിലേക്കു വിന്യസിക്കുന്നു. ഇതിന് നല്ല മെയ്‌വഴക്കവും പരിശീലനവും അത്യാവശ്യമാണ്. വിവിധ ഘട്ടങ്ങളുള്ള ഈ കലാരൂപത്തിന് ലളിതമായ വസ്ത്രധാരണരീതിയാണ് അഭികാമ്യം; കാലിൽ ചെരിപ്പും ധരിക്കാറില്ല.

കാസ്റ്റലറുകളുടെ ക്രമീകരണം ഒമ്പതോ, പത്തോ അടിവരെ ഉയരമുണ്ടാകും. ഇവരുടെ മുദ്രാവാക്യം ‘ഫോർസ, ഇക്വിലിബ്രി, വീലർ ഐ സെനി’ (ബലം, ബാലൻസ്, ധൈര്യം, സാമാന്യബുദ്ധി) എന്നതാണ്. ഇതുതന്നെയാണ് കാസ്റ്റൽ നിർമ്മാണത്തിന് ആവശ്യമായ ഗുണങ്ങളും.

അപകടങ്ങൾ വിരളമാണെങ്കിലും കാസ്റ്റലർമാർക്ക് വേണ്ടത്ര മുൻകരുതൽ നൽകാറുണ്ട്. 2010-ൽ യുനെസ്കോ, ഇത് സംസ്കാരത്തിന്റെ ഭാഗമായതിനാൽ പൈതൃക കലാരൂപങ്ങളിൽ ഇടം നൽകിക്കൊണ്ട് അവയുടെ സാംസ്കാരികപ്രാധാന്യവും പാരമ്പര്യവും അംഗീകരിച്ചു.

മനുഷ്യസഹകരണം, ശക്തി, സർഗാത്മകത എന്നിവയുടെ വിസ്മയിപ്പിക്കുന്ന സാക്ഷ്യമാണ് കാസ്റ്റലുകൾ. ഈ പുരാതന പാരമ്പര്യം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്നത് തുടരുന്നതിനോടൊപ്പം കറ്റാലൻ സംസ്കാരത്തിന്റെ സൗന്ദര്യവും സമ്പന്നതയും പ്രദർശിപ്പിക്കുന്നു. കമ്മ്യൂണിറ്റിയുടെയും ടീം വർക്കിന്റെയും പ്രതീകമെന്ന നിലയിൽ, കാസ്റ്റലുകൾ സ്പെയിനിന്റെ സാംസ്കാരികപൈതൃകത്തിന്റെ അവിഭാജ്യഘടകമായി എക്കാലവും നിലനിൽക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News