Sunday, November 24, 2024

കേബിള്‍ കാറില്‍ കുടുങ്ങിയവരെ സൈന്യം രക്ഷപെടുത്തി

പാക്കിസ്ഥാനില്‍, കേബിള്‍ കാറില്‍ കുടുങ്ങിയ കുട്ടികള്‍ ഉള്‍പ്പടെ എട്ടുപേരെ രക്ഷപെടുത്തി. 15 മണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരെ രക്ഷപെടുത്തിയത്. വളരെയധികം വൈദഗ്ധ്യം വേണ്ടിവന്ന രക്ഷാപ്രവര്‍ത്തനമായിരുന്നു ഇതെന്ന് സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്ലാമാബാദില്‍ നിന്ന് 200 കിലോമീറ്റര്‍ വടക്ക് ബട്ടഗ്രാമിലെ ഒരു പര്‍വതപ്രദേശത്ത് കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു കേബിള്‍ കാര്‍ അപകടത്തില്‍പെട്ടത്. വിദ്യാർഥികള്‍ സ്‌കൂളിലേക്കുപോകുന്ന കേബിള്‍ കാര്‍, സമുദ്രനിരപ്പിൽ നിന്നും 275 മീറ്റര്‍ (900 അടി) ഉയരത്തിലെത്തിയപ്പോൾ ലൈനുകളിലൊന്ന് പൊട്ടുകയായിരുന്നു. ഇതോടെ ഏഴുകുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ കേബിള്‍ കാറില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ശ്രമകരമായ രക്ഷാദൗത്യത്തിനൊടുവിലാണ് ഇവരെ രക്ഷപെടുത്തിയത്.

പര്‍വതപ്രദേശത്തെ ശക്തമായ കാറ്റും ഹെലികോപ്റ്ററുകളുടെ ബ്ലേഡുകള്‍ ലിഫ്റ്റിനെ അപകടപ്പെടുത്തിയേക്കാമെന്ന സാധ്യതയും മൂലം, രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണ്ണമായിരുന്നെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ സ്വയം കയറുകൊണ്ട് ബന്ധിച്ച് ചെറിയ ചെയര്‍ ലിഫ്റ്റില്‍ പോയി ഓരോരുത്തരെയായി രക്ഷിക്കുകയായിരുന്നു” – പ്രദേശവാസിയായ അബ്ദുള്‍ നാസിര്‍ ഖാന്‍ പറഞ്ഞു. വളരെ ബുദ്ധിമുട്ടുള്ളതും സങ്കീര്‍ണ്ണവുമായ ഒരു ഓപ്പറേഷന്‍ പാക്കിസ്ഥാന്‍സൈന്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് പാക്ക് സൈന്യം പ്രസ്താവനയില്‍ പറഞ്ഞത്

Latest News