Sunday, November 24, 2024

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മനോഹാരിത ഇനിമുതൽ ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ദൃശ്യമാകും

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മനോഹാരിത ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും നിർമിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു വഴിയൊരുക്കുന്ന പദ്ധതിക്കു തുടക്കമായി. ചരിത്രവും കലയും ആധ്യാത്മികതയും ഇഴചേർന്ന് ലോകത്തിലെ അതുല്യ ദൈവാലയമാക്കിയിരിക്കുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, റോമിൽ എത്താതെതന്നെ സന്ദർശിക്കാൻ തീർഥാടകർക്കും സന്ദർശകർക്കും കഴിയത്തക്കവിധമുള്ള ഈ പദ്ധതി പ്രസ്തുത ബസിലിക്കയുടെ മുഖ്യപുരോഹിതനും ഈ ബസിലിക്കയുടെ സംരക്ഷണപരിപാലനത്തിനായുള്ള ‘ഫാബ്രിക്ക ദി സാൻ പിയെത്രൊ’യുടെ (Fabbrica di San Pietro) അധ്യക്ഷനുമായ കർദിനാൾ മൗറൊ ഗംബേത്തി അവതരിപ്പിച്ചു.

മൈക്രൊസോഫ്റ്റിന്റെ സഹായത്തോടെയാണ് ‘ഫാബ്രിക്ക ദി സാൻ പിയെത്രോ’ അതിസങ്കീർണ്ണ സാങ്കേതികവിദ്യയോടു കൂടിയ ഈ പദ്ധതി ആവിഷ്ക്കരിക്കുന്നത്. മൂന്നാഴ്ച ഡ്രോണുകളും ക്യാമറക്കണ്ണുകളും ലേസർ സാങ്കേതകിവിദ്യയും ചേർന്ന് ദൈവാലയത്തിന്റെ ഉൾവശത്തിന്റെ നാലു ലക്ഷം ദൃശ്യങ്ങൾ ഒപ്പിയെടുത്തു. ത്രിമാനദൃശ്യങ്ങൾ സൃഷ്ടിക്കത്തക്കവിധം ഉന്നത ഗുണനിലവാരത്തിലുള്ള ചിത്രങ്ങളാണ് പകർത്തിയിരിക്കുന്നത്. അങ്ങനെ ബസിലിക്കയുടെ ഒരു ഡിജിറ്റൽ പതിപ്പ് തയ്യാറാകും.

ഇന്റർനെറ്റിലൂടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക സന്ദർശിക്കുന്നതിനുള്ള ഈ പദ്ധതി തീർഥാടകർക്കും അതുപോലെതന്നെ പഠിതാക്കൾക്കും ഗുണകരമാണെന്ന് കർദിനാൾ ഗംബേത്തി പറഞ്ഞു. ഡിസംബർ ഒന്നു മുതൽ ഇന്റർനെറ്റിലൂടെ ഡിജിറ്റൽ സന്ദർശനം സാധ്യമാകും.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

Latest News