2023 ഡിസംബറില്‍ ലോകനാശത്തിന്റെ തുടക്കം ആരംഭിക്കുമെന്ന് പ്രവചനം. ബ്രസീലിയന്‍ പൗരനും ‘നിർഭാഗ്യ പ്രവാചകൻ’ എന്നും അറിയപ്പെടുന്ന അതോസ് സലോമെയാണ് പ്രവചനവുമായി രംഗത്തെത്തിയത്. പ്രകൃതിദുരന്തങ്ങളുടെ ഒരു പരമ്പരതന്നെ ലോകത്ത് വരാനിരിക്കുന്നതായും ഇത് ലോകനാശത്തിന്റെ സൂചനയാണെന്നുമാണ് അതോസിന്റെ പ്രവചനം.
ലോകത്ത് മഹാമാരി പൊട്ടിപ്പുറപ്പെടുമെന്ന് നേരത്തെ പ്രവചിച്ച ആളാണ് അതോസ്. ഇതുകൂടാതെ, റഷ്യ – യുക്രൈൻ യുദ്ധം ഉണ്ടാകുമെന്നും, ടെസ്ല മേധാവി ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കുമെന്നും മുന്‍പ് പ്രവചിച്ചിരുന്നതായും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് വീണ്ടും പ്രവചനവുമായി അതോസ് രംഗത്തെത്തിയിരിക്കുന്നത്. ലോകത്ത് ശക്തമായ പ്രകൃതിദുരന്തങ്ങളുടെ ഒരു പരമ്പരതന്നെ വരാനിരിക്കുന്നതായും അത് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നുമാണ് 37-കാരന്റെ ഏറ്റവും പുതിയ പ്രവചനം.
“ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം എന്നിവയുടെ ഒരു പരമ്പര ഉണ്ടാകും. ഇന്തോനേഷ്യ, ജാവ തുടങ്ങിയ സ്ഥലങ്ങളിൽ അഗ്നിപർവതസ്ഫോടനങ്ങളും അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ വന്‍ദുരന്തങ്ങളും പ്രതീക്ഷിക്കാം. ഇതിന്റെ ആദ്യസൂചനകള്‍ ഡിസംബറില്‍ സംഭവിക്കും” – അതോസ് പറയുന്നു. എന്നാല്‍ തന്റെ എല്ലാ പ്രവചനങ്ങളും സംഭവിക്കണമെന്നില്ലെന്നും ആരേയും ഭയപ്പെടുത്താനല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.