പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹം തടയുന്നതിനായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയെ സ്വാഗതം ചെയ്ത് പാക്ക് മെത്രാന്‍സമിതി. നിര്‍ബന്ധിത ശൈശവവിവാഹങ്ങളില്‍നിന്നും പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനായി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വിവാഹപ്രായം പതിനെട്ടായി ഉയര്‍ത്തിക്കൊണ്ടാണ് പുതിയ ഭേദഗതി നിലവില്‍വന്നിരിക്കുന്നത്. ഈ നിയമഭേദഗതിയില്‍ ക്രൈസ്തവലോകവും സന്തോഷിക്കുകയാണ്.
1872-ലെ ക്രിസ്ത്യന്‍ വിവാഹനിയമം ഭേദഗതിചെയ്യുന്ന പുതിയ നിയമനിര്‍മ്മാണം ഏതാനും മാസങ്ങള്‍ക്കുമുമ്പ് നിയമനിര്‍മ്മാണസഭയില്‍ പാസാക്കിയതിനുശേഷം, ഈ ആഴ്ച ദേശീയ അസംബ്ലി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. മുന്‍ നിയമമനുസരിച്ച്, പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിമൂന്നായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുവേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകളും ലൈംഗീകദുരുപയോഗങ്ങളും നിര്‍ബന്ധിത ശൈശവവിവാഹങ്ങളും വ്യാപകമാകുന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സ്വാതന്ത്ര്യം മാനിക്കപ്പെടുന്നതിനുമായി പാക്കിസ്ഥാനിലെ ക്രൈസ്തവസഹോദരങ്ങള്‍ നടത്തിയ കഠിനപരിശ്രമത്തിന്റെ ഫലമായാണ് ഈ നിയമഭേദഗതി ബില്‍ പ്രാബല്യത്തില്‍വന്നത്. പുതിയ നിയമമനുസരിച്ച്, വിവാഹത്തില്‍ ഏര്‍പ്പെടുന്നവരുടെ പ്രായം 18 വയസായിരിക്കണം.
ഈ ബില്‍ ഏകകണ്ഠമായി പാസാക്കിയതിന് ജനപ്രതിനിധിസഭയിലെ മുഴുവന്‍ അംഗങ്ങളോടും ആത്മാര്‍ഥമായ അഭിനന്ദനം അറിയിക്കുന്നതായി വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്മാര്‍ ചേര്‍ന്നുനടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ക്രിമിനല്‍ ശിക്ഷാനിയമാവലിയില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.