വ്യക്തിനിയമങ്ങൾ ഭരണഘടനാ ചൈതന്യത്തിന് വിരുദ്ധമാകാതിരിക്കാൻ ഇടപെടേണ്ടതും ജാഗ്രത പുലർത്തേണ്ടതും അതതു മതസമൂഹങ്ങളാണ്. സ്വന്തം സമുദായത്തിൽ സ്ത്രീകൾ രണ്ടാംകിടക്കാരായിത്തീരുന്നെങ്കിൽ അതു തിരുത്താൻ അകത്തു ശ്രമം നടക്കണം.
അതില്ലാതെ, ആറാം നൂറ്റാണ്ടിലെ പുരുഷ മേല്ക്കോയ്മയുടെ പ്രാകൃത ഗോത്രനിയമങ്ങൾ സ്ത്രീകളുടെമേൽ നിത്യമായി അടിച്ചേല്പിച്ചാൽ രാഷ്ട്രം വിഭാവനം ചെയ്യുന്ന സ്ത്രീ-പുരുഷ സമത്വത്തിന് അത് എതിരായി വരും.
മാത്രമല്ല, സ്വസമുദായത്തിൽ ചിന്താശേഷിയുള്ളവർക്കിടയിൽ അത് അസ്വസ്ഥതകൾ ഉളവാക്കും. താൻ നിക്കാഹുകഴിച്ച സ്വന്തം ഭാര്യയെ രജിസ്ട്രാർ ഓഫീസിൽവച്ച് വർഷങ്ങൾക്കുശേഷം ഷുക്കൂർ വക്കീലിന് വീണ്ടും വിവാഹം കഴിക്കേണ്ടിവന്നത് തൻ്റെ സ്വത്തുക്കൾ തൻ്റെ പെൺമക്കൾക്കു മാത്രം കിട്ടണമെന്ന് നിർബന്ധമുള്ള നല്ലൊരു വാപ്പ ആയതുകൊണ്ടാണ്! ഈയവസ്ഥയ്ക്കുനേരെ കണ്ണടയ്ക്കാൻ നീതിബോധമുള്ള വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും സർക്കാരിനുതന്നെയും കഴിയുമോ?
സർക്കാരിന് ഇത്തരം വിഷയങ്ങളിൽ ഗൗരവമായി ഇടപെടേണ്ട ആവശ്യം ഉണ്ടാക്കാതിരിക്കുക എന്നതാണ് ബുദ്ധി. ഇല്ലെങ്കിൽ, മോദി സർക്കാരിനെപ്പോലെ വർഗീയ ധ്രുവീകരണം ആഗ്രഹമുള്ളവർക്ക് കയറിമേയാനുള്ള അവസരമായി അതു മാറും.
ഫാ. ജോഷി മയ്യാറ്റിൽ