ബ്രസീലിലെ പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടയില്‍ ‘സാവോപോളോയെ’ അറ്റ്ലാന്റിക് സമുദ്രത്തില്‍ മുക്കി ബ്രസീല്‍ നാവികസേന. കാലപ്പഴക്കത്തെ തുടര്‍ന്നു കണ്ടം ചെയ്ത വിമാനവാഹിനി കപ്പലാണ് ഇത്.
ആറ് പതിറ്റാണ്ട് പഴക്കമുള്ള യുദ്ധക്കപ്പല്‍ സുരക്ഷിതമല്ലാത്തതിനാല്‍ ബ്രസീലിലെ തുറമുഖങ്ങളില്‍ നങ്കൂരമിടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം കപ്പല്‍ പൊളിക്കാന്‍ തീരുമാനിക്കുകയും തുര്‍ക്കിയിലെ കമ്പനിക്ക് കൈമാറാന്‍ ധാരണയാവുകയും ചെയ്തിരുന്നു. എന്നാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ സാവോപോളോ എറ്റെടുക്കുന്നതില്‍ നിന്നും പിന്മാറി. ഇതേ തുടര്‍ന്നാണ് കപ്പല്‍ സമുദ്രത്തില്‍ മുക്കാന്‍ തീരുമാനിച്ചത്.
ബ്രസീല്‍ തീരത്തു നിന്നും ഏകദേശം 350 കിലോമീറ്റര്‍ അകലെ 5,000 മീറ്ററിലധികം ആഴമുള്ള ഭാഗത്താണ് കപ്പല്‍ മുക്കിയതെന്ന് നാവികസേന അറിയിച്ചു. ഫ്രാന്‍സിന്‍റെ ആദ്യ ആണവ പരീക്ഷണം 1950 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ കപ്പലില്‍ വച്ചായിരുന്നു നടന്നത്. 2000 ത്തില്‍ ഫ്രാന്‍സില്‍ നിന്നും ബ്രസീല്‍ സാവോപോളോയെ വാങ്ങുകയായിരുന്നു. 2005 ല്‍ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് കപ്പല്‍ നശിച്ചത്.
അതേസമയം കപ്പല്‍ സമുദ്രത്തില്‍ മുക്കിയതിനെതിരെ പരിസ്ഥിതി, മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. സര്‍ക്കാര്‍ സ്പോണ്‍സേഡ് കുറ്റകൃത്യമെന്നാണ് നടപടിയെ സംഘടനകള്‍ വിശേഷിപ്പിച്ചത്.