Wednesday, March 12, 2025

രക്തം ചിതറിയ വഴികൾ, തെരുവിൽ കൂട്ടിയിട്ട മൃതദേഹങ്ങൾ: അലവൈറ്റ് കുടുംബങ്ങൾക്കുനേരെ നടന്നത് കൊടും ക്രൂരത

പുറത്താക്കപ്പെട്ട മുൻ നേതാവ് ബഷർ അൽ-അസദിനോടു നീതി പുലർത്തുന്ന പ്രദേശങ്ങളിൽ നടന്ന അക്രമവും പ്രതികാര കൊലപാതങ്ങളും ഞെട്ടിക്കുന്ന സംഭവമായിരുന്നു. അസദ് പിന്തുണയുള്ള ശക്തികേന്ദ്രങ്ങളിൽനിന്നും നിരവധി ആളുകളാണ് പലായനം ചെയ്തത്. ലതാകിയ, ടാർട്ടസ് എന്നീ തീരദേശ പ്രവിശ്യകളിൽനിന്ന് നൂറുകണക്കിന് ആളുകളാണ് വീടുകൾ വിട്ട് പലായനം നടത്തിയത്. ഇവർക്കുനേരെ നടന്ന ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ  കൊല ചെയ്യപ്പെടുകയും ചെയ്തു.

തീരദേശ ന​ഗരമായ ബനിയാസിലെ അലവൈറ്റ് ഭൂരിപക്ഷ പ്രദേശമായ ഹായ് അൽ കുസൂരിലെ തെരുവുകളിൽ അക്രമണത്തിന്റെ അവിശേഷിപ്പുകൾ ഇപ്പോഴും കാണാം. തെരുവുകൾ മൃതദേഹങ്ങൾകൊണ്ടു നിറയുകയും റോഡുകൾ രക്തത്തിൽ കുളിച്ചിരിക്കുകയാണെന്നും അവിടെയുള്ള താമസക്കാർ പറയുന്നു. വ്യത്യസ്ത പ്രായത്തിലുള്ള പുരുഷന്മാരെയാണ് അവിടെ വെടിവച്ച് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പരിസരവാസികൾക്ക് ജനാലയിലൂടെ പുറത്തേക്കു നോക്കാൻപോലും ഭയമായിരുന്നു. ഇന്റർനെറ്റ് കണക്ഷൻ പുനഃസ്ഥാപിക്കപ്പെട്ടപ്പോൾ കണ്ടത് അടുത്തുള്ളവരുടെ മരണവാർത്തകളായിരുന്നു. അയൽക്കാരുടെ മരണങ്ങളെക്കുറിച്ച് കണ്ടും കേട്ടും അറിഞ്ഞ നടുക്കത്തിലാണ് ഇവർ. സ്വന്തം വീടുകളിൽതന്നെ കൊല്ലപ്പെട്ട കുടുംബങ്ങളും രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങളും കണ്ണിൽനിന്നും മായുന്നില്ലെന്നാണ് പലരും പറയുന്നത്. യു കെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് രേഖപ്പെടുത്തിയതുപ്രകാരം ലതാകിയ, ജബ്ലെ, ബനിയാസ് എന്നീ തീരദേശ നഗരങ്ങളിൽ സാധാരണക്കാരായ 740 ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.

കൊലപാതകങ്ങൾക്കിടയിൽ മോഷണം നടന്നതായും ചിലർ പറയുന്നു. ചില വീടുകളിൽനിന്ന് പണവും സ്വർണ്ണവും കാറും എല്ലാം അപഹരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അത്തരം ചില സന്ദർഭങ്ങൾ നേരിൽകണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. ചുറ്റുമുള്ള അയൽക്കാരിൽ പലരും ഇന്നില്ല. പലരും തിരിച്ചറിയാനാവാത്തവിധം കൊല്ലപ്പെട്ടിരിക്കുന്നു. ഒരു വിഭാ​ഗക്കാരെ മാത്രം ഉന്നംവച്ചു നടക്കുന്ന കൊടും ക്രൂരത ഇനി എന്ന് അവസാനിക്കും എന്നുമാത്രമാണ് ഇവർ ചോദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News