പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി വിധി. വിഷയം മൂന്നംഗ ബെഞ്ചിന് വിടണമെന്ന് കേന്ദ്രത്തോടൊപ്പം കക്ഷി ചേര്‍ന്ന കേരളവും ആവശ്യപ്പെട്ടിരുന്നു. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ബഫര്‍ സോണ്‍ നിശ്ചയിച്ച കോടതിവിധിയില്‍ ഇളവ് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയാണ് മൂന്നംഗ ബെഞ്ചിന് കൈമാറി ഉത്തരവായത്.
രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച ശേഷമാണ് കോടതിവിധി. ഹര്‍ജിയില്‍ വിശദമായി വാദം കേട്ട കോടതി, മൂന്നംഗ ബഞ്ച് വിഷയം പരിഗണിക്കട്ടെയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനങ്ങളില്‍ ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. സമാനമായ ആവശ്യം തന്നെയാണ് കേരളത്തിന്റെയും.