അണുബോംബ് വിതച്ച കൊടുംദുരിതങ്ങളുടെ നടുക്കുന്ന ഓർമ്മകൾ പുതുക്കി നാഗസാക്കി നഗരം. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനം അറിയിച്ചാണ് യു.എസ് അണുബോംബിംഗിന്റെ 78-ാം വാർഷികം ജപ്പാനിന്‍ ആചരിച്ചത്. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ നേതൃത്വത്തിലായിരുന്നു വാർഷികാചരണം.
ദുരന്തത്തില്‍ കൊല്ലപ്പെട്ടവരെ ഓര്‍മ്മിച്ചുകൊണ്ട്, മൗനാചരണത്തോടെയായിരുന്നു അനുസ്മരണ ചടങ്ങുകള്‍. തുടര്‍ന്ന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അണുബോംബിംഗില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു. “ഇന്ന് എഴുപത്തിയെട്ട് വർഷങ്ങൾക്കുമുമ്പ്, ഒരൊറ്റ അണുബോംബ് നാഗസാക്കി നഗരത്തെ ഒരു നിമിഷംകൊണ്ട് നശിപ്പിച്ചു, 70,000-ത്തിലധികം ആളുകളുടെ ജീവിതവും ഭാവിയും ദൈനംദിന അസ്തിത്വവും അപഹരിച്ചു. എല്ലാം ചാരമായി, നഗരവും നദികളും ആളുകളുടെ എണ്ണമറ്റ ശവശരീരങ്ങളാൽ നിറഞ്ഞു. ആ ദയനീയാവസ്ഥകൾക്കിടയിലും മരണത്തിൽ നിന്ന് രക്ഷപെട്ടവർപോലും ദീർഘകാലം ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചു” – കിഷിദ പറഞ്ഞു. ആണവായുധങ്ങളില്ലാത്ത ഒരു ലോകത്തെയാണ് തന്റെ സർക്കാർ തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1945 ആഗസ്റ്റ് 9-നായിരുന്നു നാഗസാക്കിയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. 4,630 കിലോ ടണ്‍ ഭാരവും ഉഗ്രസ്‌ഫോടകശേഷിയുമുള്ള ‘ഫാറ്റ് മാന്‍’ എന്നറിയപ്പെട്ട പ്ലൂട്ടോണിയം ബോംബായിരുന്നു ഇത്. വിമാനം പറപ്പിച്ച ബ്രിഗേഡിയർ ജനറൽ ചാൾസ് സ്വിനിയോട്, കോക്കുറ നഗരത്തില്‍ ‘ഫാറ്റ് മാന്‍’ വർഷിക്കാനായിരുന്നു അമേരിക്ക നിര്‍ദേശം നല്‍കിയത്. എന്നാൽ വ്യവസായശാലകളിൽ നിന്നുയർന്ന പുക ഇവിടെ ബോംബ് വര്‍ഷിക്കുന്നതിന് തടസം സൃഷ്ടിച്ചതിനാല്‍ ലക്ഷ്യസ്ഥാനം നാഗസാക്കിയിലേക്ക് മാറ്റുകയായിരുന്നു. ഏകദേശം 80,000-ത്തിലധികം ആളുകളുടെ മരണത്തിന്, നാഗസാക്കിയില്‍ വര്‍ഷിച്ച ബോംബ് കാരണമായതായാണ് കണക്കുകള്‍ പറയുന്നത്..