ബഹിരാകാശത്തു കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഭൂമിയിലേക്ക് തിരിച്ചെത്താൻ ഇനിയും സമയമെടുക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അവരെ തിരിച്ചെത്തിക്കുന്ന ദൗത്യത്തിനായി പുറപ്പെടാൻ ഉദ്ദേശിച്ചിരുന്ന സംഘത്തിന്റെ യാത്ര മാറ്റിവച്ച സാഹചര്യത്തിലാണ് തിരിച്ചുവരവ് വൈകുന്നത്. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന സ്പേസ് എക്സ് ക്രൂ 10 ന്റെ വിക്ഷേപണമാണ് മാറ്റിവച്ചത്.
ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽനിന്ന് ഇന്നലെ വൈകുന്നേരം ടേക്ക് ഓഫ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും, അവസാന നിമിഷം കണ്ടെത്തിയ ലോഞ്ച്പാഡിന്റെ ഗ്രൗണ്ട് സിസ്റ്റത്തിലെ പ്രശ്‌നം കാരണം കമ്പനി വിക്ഷേപണശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുന്ന സ്പേസ് എക്സിന്റെ തന്നെ ഡ്രാഗൺ പേടകത്തിലായിരുന്നു നാല് സഞ്ചാരികൾ ബഹിരാകാശത്തേക്കു പോകേണ്ടിയിരുന്നത്.
അടുത്ത ശ്രമം എന്നാണ് നടത്തുന്നതെന്ന കാര്യത്തിൽ ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. എന്നിരുന്നാലും ദൗത്യം വൈകുന്നതനുസരിച്ച് ഇവരുടെ മടങ്ങിവരവ് ഇനിയും നീളും. കഴിഞ്ഞ വർഷം ജൂൺ മുതലാണ് സ്റ്റാർലൈനറിന്റെ പ്രൊപൽഷൻ സംവിധാനത്തിലെ തകരാറും ഹീലിയും ചോർച്ചയും കാരണം സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്തു കുടുങ്ങിയത്. അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പല കാരണങ്ങളാൽ അത് നീളുകയായിരുന്നു. ഒടുവിൽ മാർച്ച് 16 ന് സുനിത വില്യംസും സംഘവും ഭൂമിയിലേക്കു മടങ്ങിയെത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആ പ്രതീക്ഷയും നീളുകയാണ്.