പ്രമുഖ വീഡിയോ കോണ്‍ഫറന്‍സിങ്ങ് പ്ലാറ്റ്ഫോമായ സൂമില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെ, പ്രസിഡന്‍റ് ഗ്രെഗ് ടോംപിനെയും പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍. ഗ്രെഗ്രിനെ പിരിച്ചുവിട്ടതിന്‍റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
മുന്‍ ഗൂഗിള്‍ ജീവനക്കാരനും പ്രമുഖ വ്യവസായിയുമായ ഗ്രെഗ് 2022 ജൂണിലാണ് സൂമില്‍ പ്രസിഡന്‍റായി ചുമതലയേറ്റത്. ഗ്രെഗിനെ പിരിച്ചുവിട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും അദ്ദേഹത്തിനു പകരക്കാരനെ ഇതുവരെ കമ്പനി കണ്ടെത്തിയിട്ടില്ല. കമ്പനിയിലെ ജീവനക്കാരെ വെട്ടി ചുരുക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഗ്രെഗിനെയും പിരിച്ചുവിട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കോവിഡ് കാലത്ത് നിരവധി ആളുകള്‍ ആശ്രയിച്ചിരുന്ന സൂമില്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി വന്‍ തോതില്‍ പിരിച്ചു വിടല്‍ നടന്നു വരികയായിരുന്നു. ഫെബ്രുവരിയില്‍ മാത്രം 1300 ജീവനക്കാരെയാണ് സൂം പിരിച്ചുവിട്ടത്.