പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്റെ രണ്ടാം ദിനമായ ഇന്ന് സിസ്റ്റെയ്ൻ ചാപ്പലിൽ വീണ്ടും കർദിനാളുമാർ ഒരുമിച്ചു കൂടി. ഇന്നലത്തെ ആദ്യ വോട്ടെടുപ്പിനുശേഷം സിസ്റ്റെയ്ൻ ചാപ്പലിന്റെ പുകക്കുഴലിൽ നിന്നും കറുത്ത പുക വന്നതോടെ രണ്ടാം ദിനത്തെ ലോകം പ്രാർഥനയോടെ ഉറ്റുനോക്കുകയാണ്.
പതിനായിരക്കണക്കിനാളുകളാണ് സിസ്റ്റെയ്ൻ ചാപ്പലിനു മുൻപിൽ പ്രാർഥനാപൂർവം ആയിരിക്കുന്നത്. സ്പെയിനിലെ രൂപതയിൽ നിന്നുള്ള നൂറുകണക്കിന് കത്തോലിക്കാ വിശ്വാസികൾ മെയ് നാലാം തിയതി മുതൽ ജാഗരണ പ്രാർത്ഥനയിലാണ്. സാന്റോ ടോമസ് ഡി വില്ലാനുവേവ ഇടവകയിൽ, വെളുത്ത പുക പ്രത്യക്ഷപ്പെടുന്നതുവരെ ദിവ്യകാരുണ്യത്തിനു മുമ്പാകെ പ്രാർത്ഥനയ്ക്കായി 24 മണിക്കൂർ ഷിഫ്റ്റുകൾ ഒരുക്കിയിട്ടുണ്ട്.
കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ കോൺക്ലേവിന്റെ രണ്ടാം ദിവസത്തിൽ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. രണ്ടാം ദിനം തിരഞ്ഞെടുക്കപ്പെട്ട മാർപാപ്പയാണ് പയസ് പന്ത്രണ്ടാമൻ പാപ്പാ. 1939 മാർച്ച് 2-ന്, റോമിലെ സമയം ഏകദേശം 12:30-ന്, വെറും മൂന്ന് ബാലറ്റുകൾക്ക് ശേഷം, കർദ്ദിനാൾ യൂജീനിയോ പസെല്ലി മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും പയസ് പന്ത്രണ്ടാമൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.