വരുമാനമുള്ള കുടുംബനാഥന്റെ പങ്ക് പോലെ തന്നെ പ്രധാനമാണ് വീട്ടുജോലികള്‍ ചെയ്യുന്ന സ്ത്രീകളുടെ പങ്കെന്നും സുപ്രീംകോടതി. വീട്ടുകാര്യങ്ങള്‍ നോക്കുന്ന സ്ത്രീകളുടെ സംഭാവനകള്‍ കണക്കാക്കുന്നത് ബുദ്ധിമുട്ടാണെന്നും അവര്‍ ചെയ്യുന്നതിനെല്ലാം ഉയര്‍ന്ന മൂല്യമുണ്ടെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2006ല്‍ വാഹനാപകടത്തില്‍ മരിച്ച സ്ത്രീയ്ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. വാഹനാപകടത്തില്‍ മരിച്ച സ്ത്രീയുടെ കുടുംബം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലില്‍ 16,85,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വാഹനം ഇന്‍ഷുറന്‍സ് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ക്ലെയിം അനുവദിച്ചിരുന്നില്ല.
തുടര്‍ന്ന് ഹരജിക്കാര്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. കേടതി നഷ്ടപരിഹാരമായി 2,50,000 രൂപ വിധിച്ചു. തുടര്‍ന്ന് കുടുംബം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. മരിച്ച സ്ത്രീയുടെ പ്രതിമാസ വരുമാനം 4,000 രൂപയില്‍ കുറവായിരിക്കരുതെന്നാണ് സുപ്രീംകോടതി വിധി.