മറ്റു രാജ്യങ്ങളിൽനിന്നും നാടുകടത്തപ്പെട്ട കുടിയേറ്റക്കാരെ തന്റെ രാജ്യം സ്വീകരിക്കില്ലെന്ന് ഇക്വഡോർ പ്രസിഡന്റ് ഡാനിയേൽ നോബോവ. അമേരിക്കയിൽനിന്നും നാടുകടത്തപ്പെട്ട വെനസ്വേലൻ കുടിയേറ്റക്കാരുടെ വിമാനങ്ങൾ നിരസിച്ചതിന്, വെനസ്വേല പ്രസിഡന്റിനെ വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് ഈ കാര്യം പറഞ്ഞത്.
‘സഹാനുഭൂതിയുടെ പൂർണ്ണമായ അഭാവം’ എന്നാണ് ഇതേക്കുറിച്ച് നോബോവ പറഞ്ഞത്. ഏപ്രിൽ 13 നു നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ഇടതുപക്ഷക്കാരനായ ലൂയിസ ഗൊൺസാലസിനെ നേരിടാൻ പോകുകയാണ് നൊബോവ. മറ്റു രാജ്യത്തുനിന്നും നാടുകടത്തപ്പെട്ടവരെ സ്വീകരിക്കില്ലെങ്കിലും സ്വന്തം നാട്ടിലെ പൗരന്മാരെ ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
“സ്വയം സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്ന് പലായനം ചെയ്യുന്നവരുടെ ഗതിയെക്കുറിച്ചു ചിന്തിക്കാതെ സ്വേച്ഛാധിപത്യപരവും തിവ്രവാദപരവുമായ ഭരണകൂടങ്ങൾ ചിന്തിക്കുന്നത് ഇങ്ങനെയാണെന്ന്” നൊബോവ പോസ്റ്റിൽ പറഞ്ഞു.