Monday, November 25, 2024

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തീയതികള്‍ പ്രഖ്യാപിച്ചു

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ത്രിപുര, നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 16 -ന് ത്രിപുരയിലും മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 27 -നും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.

60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണ് മൂന്ന് സംസ്ഥാനങ്ങളിലും നടക്കുക. 62.8 ലക്ഷം വോട്ടര്‍മാര്‍ മൂന്ന് സംസ്ഥാനങ്ങളിലുമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ രേഖപ്പെടുത്തും. 9,125 പോളിംഗ് സ്റ്റേഷനുകള്‍ തെരഞ്ഞെടുപ്പിനായി ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കൂടാതെ വ്യാജദൃശ്യങ്ങള്‍ തടയാന്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര നിയമസഭകളുടെ അഞ്ചു വര്‍ഷത്തെ കാലാവധി യഥാക്രമം മാര്‍ച്ച് 12, 15, 22 തീയതികളില്‍ അവസാനിക്കും. നിലവില്‍ മൂന്നു സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലാണ് ഭരണം. ത്രിപുരയില്‍ ബിജെപി ഒറ്റക്കും മറ്റ് രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ഭരണസഖ്യത്തിന്റെ ഭാഗവുമാണ്.

അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഈ മൂന്നു സംസ്ഥാനങ്ങളും സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. മൂന്നിടത്തെയും രാഷ്ട്രീയ പാര്‍ട്ടികള്‍, സിവില്‍ ഉദ്യോഗസ്ഥര്‍, കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുമായും സംഘം കൂടിക്കാഴ്ചകള്‍ നടത്തിയതായും തെരഞ്ഞടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Latest News