പാക്കിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാരെ ഇന്ത്യയില്‍നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട വിചിത്രഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. പാക്കിസ്ഥാൻ കലാകാരന്മാര്‍ ഇന്ത്യയില്‍ അഭിനയിക്കുന്നതിനും ജോലിചെയ്യുന്നതിനും പൂര്‍ണ്ണനിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. ജസ്റ്റിസുമാരായ ഫിര്‍ദോഷ് പൂനിവാല, സുനില്‍ ശുക്രെ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി.
“ഒരു ദേശസ്‌നേഹിയാകാന്‍ അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരോട് ശത്രുത പുലര്‍ത്തേണ്ടതില്ല. നല്ല മനസ്സുള്ള ഒരാള്‍ രാജ്യത്തിനകത്തും അതിര്‍ത്തിക്കപ്പുറത്തും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്ന ഏതൊരു പ്രവര്‍ത്തനത്തെയും തന്റെ രാജ്യത്ത് സ്വാഗതം ചെയ്യും” – കോടതി നിരീക്ഷിച്ചു. കല, സംഗീതം, കായികം, സംസ്‌കാരം, നൃത്തം തുടങ്ങിയവ ദേശീയതകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും അതീതമായി ഉയര്‍ന്നുവരുന്ന പ്രവര്‍ത്തനങ്ങളാണ്. ഇത് രാജ്യത്തും രാജ്യങ്ങള്‍ക്കിടയിലും സമാധാനവും ഐക്യവും സൗഹാര്‍ദവും കൊണ്ടുവരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ പൗരന്മാര്‍, കമ്പനികള്‍, സ്ഥാപനങ്ങള്‍, അസ്സോസിയേഷനുകള്‍ എന്നിവ ഏതെങ്കിലും പാക്കിസ്ഥാന്‍ കലാകാരന്മാരുമായി – സിനിമാപ്രവര്‍ത്തകര്‍, ഗായകര്‍, സംഗീതജ്ഞര്‍, ഗാനരചയിതാക്കള്‍, സാങ്കേതിക വിദഗ്ധര്‍, ഏതെങ്കിലും സംഘടനയില്‍ പ്രവേശിക്കുക – പ്രവർത്തിക്കുന്നതിൽനിന്ന് പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്താന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സിനിമാപ്രവര്‍ത്തകനും കലാകാരനുമാണെന്ന് അവകാശപ്പെടുന്ന ഫായിസ് അന്‍വര്‍ ഖുറേഷിയാണ് ഹര്‍ജി നല്‍കിയത്.