Sunday, November 24, 2024

രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധം: 124എ വകുപ്പു റദ്ദാക്കി ലാഹോര്‍ ഹൈക്കോടതി

ഇന്ത്യക്കു പിന്നാലെ പാക്കിസ്ഥാനിലും 124എ വകുപ്പു റദ്ദാക്കിക്കൊണ്ട് ഉത്തരവ്. രാജ്യദ്രോഹകുറ്റം ഭരണഘടനാ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ലാഹോര്‍ ഹൈക്കോടതിയാണ് 124എ വകുപ്പ് റദ്ദാക്കിയത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ സര്‍ക്കാര്‍ ഉപയോഗിക്കുന്ന നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ വകുപ്പിനു സമാനമാണ് പാക്കിസ്ഥാനിലെ രാജ്യദ്രോഹക്കുറ്റവും. കൊളോണിയല്‍ കാലത്തെ നിയമം എന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 124എ വകുപ്പ് സുപ്രീം കോടതി മരവിപ്പിച്ചിരുന്നു. ഇതേ വാദങ്ങള്‍ ഉയര്‍ത്തിയാണ് ലാഹോര്‍ കോടതിയും നിയമം റദ്ദാക്കിയത്. ജസ്റ്റീസ് ഷാഹിദ് കരിമാണ് ഹര്‍ജി പരിഗണിച്ച് വിധി പ്രസ്താവം നടത്തിയത്.

രാജ്യത്തെ ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യം 124എ വകുപ്പ് ഹനിക്കുന്നതായി ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. കൂടാതെ രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ നിയമം സര്‍ക്കാര്‍ ഉപയോഗിക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. നിയമം റദ്ദാക്കണമെന്ന ആവശ്യം നേരത്തെ ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയിരുന്നു.

Latest News