Thursday, November 21, 2024

മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മൈക്രോ മൈനോരിറ്റി എന്ന നിര്‍വചനം അടിയന്തരമായിട്ടുണ്ടാകണം: സീറോമലബാർ സഭാ അൽമായ ഫോറം

ഭാരതത്തിലെ സാമൂഹ്യ പിന്നാക്കാവസ്ഥയുടെ ആഴമനുസരിച്ച് പട്ടികവിഭാഗങ്ങള്‍, മറ്റു പിന്നാക്കവിഭാഗങ്ങള്‍ എന്ന് രണ്ടായി തിരിച്ചതുപോലെ പ്രജനന നിരക്ക്, ജനസംഖ്യാവളര്‍ച്ച, ജനസംഖ്യാ അനുപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മൈക്രോ മൈനോറിറ്റി എന്ന നിര്‍വചനം അടിയന്തരമായിട്ടുണ്ടാകണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ച് സീറോമലബാർ സഭാ അൽമായ ഫോറം. ക്രിസ്ത്യന്‍, സിക്ക്, ജൈനര്‍, ബുദ്ധര്‍, പാഴ്‌സി വിഭാഗങ്ങളെ വിവിധ ക്ഷേമപദ്ധതികളില്‍നിന്ന് പുറന്തള്ളപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരമുണ്ടാകണം.ഈ  അഞ്ചു വിഭാഗങ്ങളിലും 2.5 ശതമാനത്തില്‍ താഴെവീതം ജനസംഖ്യ മാത്രമാണുള്ളതെന്നും അതിനാല്‍ ഇവരെ മൈക്രോ മൈനോരിറ്റി വിഭാഗമായി പരിഗണിക്കാന്‍ മൈക്രോ മൈനോരിറ്റി നിര്‍വചനവും ഇതിനായി ഭരണഘടനാ ഭേദഗതിയുമുണ്ടാകണം.

ക്രൈസ്തവരുടെ സാമൂഹ്യപിന്നാക്കാവസ്ഥ പഠിക്കാന്‍ ദേശീയതലത്തില്‍ അടിയന്തരമായി കമ്മറ്റി രൂപീകരിക്കണം. ജനസംഖ്യയിലും സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസമേഖലയിലും കുതിച്ചുയരുന്ന ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനുവേണ്ടി മാത്രമായി ന്യൂനപക്ഷത്തിന്റെ മറവില്‍ ക്ഷേമപദ്ധതികള്‍ തുടരുന്നതില്‍ നീതീകരണമുണ്ടോയെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുനർവിചിന്തനം നടത്തണം. കേരളത്തിൽ ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതൽ കണ്ടുവരുന്നത്. പ്രതിഷേധസ്വരങ്ങൾ ഉയരുന്ന ഘട്ടത്തിൽ സമാശ്വാസമെന്നോണം ചില പ്രസ്താവനകൾ അധികാരികൾ നടത്തുന്നു എന്നതിനപ്പുറം ആത്മാർഥമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അംഗബലം കുറയുന്ന ക്രൈസ്തവരെപ്പോലെയുള്ള മൈക്രോ മൈനോരിറ്റി വിഭാഗങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്തി സംരക്ഷിച്ചില്ലെങ്കിൽ അധികം വൈകാതെ ഇത്തരം വിഭാഗങ്ങൾ അപ്രത്യക്ഷമായേക്കാം. അതിൽ തന്നെ വിവേചനത്തിന്റെയും നീതിരാഹിത്യത്തിന്റെയും കയ്പുനീര്‍ നുണയുന്ന ന്യൂനപക്ഷവിഭാഗമായി കേരളത്തിലെ ക്രൈസ്തവര്‍ മാറിയിരിക്കുന്നു. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് ക്രിസ്ത്യന്‍വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല. ഭരണഘടന നൽകുന്ന അവകാശങ്ങൾക്കായി സമരങ്ങൾ ചെയ്യേണ്ട അവസ്ഥയിലാണ് ഇപ്പോൾ ക്രൈസ്തവ ന്യൂനപക്ഷവിഭാഗങ്ങൾ എത്തിനിൽക്കുന്നത്. ന്യൂനപക്ഷമെന്ന നിലയിൽ ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങളിൽ ഗുരുതരമായ വിവേചനങ്ങൾ ക്രൈസ്തവസമൂഹം നേരിടുന്നുണ്ട്. ഭരണകൂടപിന്തുണ ലഭിക്കേണ്ട ഒട്ടേറെ സാഹചര്യങ്ങളിൽ അത് ഉണ്ടാകാതെപോകുന്നതും പ്രശ്നപരിഹാരങ്ങൾക്ക് കാലതാമസം നേരിടുന്നതും പ്രധാന പ്രതിസന്ധികളാണ്.

ഇത്തരം സാഹചര്യത്തിൽ  മൈക്രോ മൈനോറിറ്റി പ്രൊട്ടക്ഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ പോളിസി രൂപീകരിച്ചു നടപ്പിലാക്കാനും ഭരണഘടനാപദവിയുള്ള നാഷണല്‍ മൈക്രോ മൈനോരിറ്റി കമ്മീഷന്‍ രൂപീകരിച്ചുകൊണ്ടുള്ള ഭരണഘടനാഭേദഗതിക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്യ്രത്തിനും തുല്യ അവസരങ്ങൾക്കുമുള്ള അവകാശം ഉറപ്പുവരുത്തുകയും അവരുടെ അഭിമാനവും അന്തസ്സും സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയുമാണ് സർക്കാരുകൾ ചെയ്യേണ്ടത്.

ടോണി ചിറ്റിലപ്പിള്ളി, അൽമായ ഫോറം സെക്രട്ടറി, സീറോമലബാർ സഭ, എറണാകുളം  

LEAVE A REPLY

Please enter your comment!
Please enter your name here

Latest News