Wednesday, February 26, 2025

വിമാനത്തിലും എയര്‍പോര്‍ട്ടിലും മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

വിമാനത്തിലും എയര്‍പോര്‍ട്ടിലും മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. വിമാനയാത്രക്കാരുടെ നിരുത്തരവാദപരമായ സമീപനമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് പിഴ ചുമത്തുന്നതിനൊപ്പം അത്തരക്കാരെ ‘നോ-ഫ്‌ളൈ’ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് കോടതി വ്യക്തമാക്കിയത്.

വിമാനങ്ങളിലും എയര്‍പോര്‍ട്ടുകളിലും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങള്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കോവിഡ് രൂക്ഷമായിരുന്ന സമയത്ത് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ ജസ്റ്റിസ് സി ഹരിശങ്കര്‍ ആഭ്യന്തര വിമാനയാത്ര നടത്തിയപ്പോഴുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍.

2021 മാര്‍ച്ച് അഞ്ചിന് ജസ്റ്റിസ് സി ഹരിശങ്കര്‍ കൊല്‍ക്കത്തയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് നടത്തിയ യാത്രയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിമാനത്തിലേക്ക് കയറുന്ന യാത്രക്കാരില്‍ പലരും ശരിയായി മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.

വിമാനത്തിലെ ജീവനക്കാര്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചില യാത്രക്കാര്‍ ജീവനക്കാരോട് ധിക്കാരപൂര്‍വം പെരുമാറുകയും ചെയ്തു. ഈ സാഹചര്യങ്ങളെല്ലാം മനസിലാക്കിയാണ് ജസ്റ്റിസ് മാര്‍ച്ച് എട്ടിന് സ്വമേധയാ കേസ് എടുക്കുന്നത്.

 

Latest News