Sunday, November 24, 2024

ദേവികുളം തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്തെ സംവരണ മണ്ഡലമായ ദേവികുളത്തു നിന്നും വിജയിച്ച സി.പി.എമ്മിലെ എ. രാജയുടെ തിരഞ്ഞെടുപ്പു വിജയം ഹൈക്കോടതി റദ്ദാക്കി. മണ്ഡലത്തില്‍ മത്സരിക്കാനുള്ള യോഗ്യത രാജക്ക് ഇല്ലെന്നു ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥി ഡി.കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. എ.രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയുള്ള കോടതി വിധി സിപിഎമ്മിന് നിനച്ചിരിക്കാതെ വന്ന രാഷ്ട്രീയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

ക്രൈസ്തവ വിശ്വാസിയായ രാജ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് മണ്ഡലത്തില്‍ മത്സരിച്ചതെന്നായിരുന്നു ഡി.കുമാറിന്‍റെ ആരോപണം. ഹര്‍ജി പരിഗണിച്ച കോടതി രണ്ടു വര്‍ഷമായി നടക്കുന്ന കേസില്‍ കഴമ്പുണ്ടെന്നു കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ പിന്നോക്ക വിഭാഗത്തില്‍പ്പെട്ടയാളാണ് എന്ന് ചൂണ്ടിക്കാട്ടിയുള്ള ജാതി സര്‍ട്ടിഫിക്കറ്റാണ് രാജ സമര്‍പ്പിച്ചതെന്നു കോടതി കണ്ടെത്തുകയും ചെയ്തു.

സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ രാജയ്ക്ക് മതിയായ യോഗ്യത ഇല്ലെന്നു പറഞ്ഞാണ് രാജയുടെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. എ.രാജയുടെയും ഷൈനി പ്രിയയുടെയും വിവാഹഫോട്ടോയാണ് കോടതിയിൽ പ്രാഥമിക തെളിവായി ഹാജരാക്കിയത്. താലിമാലയുടെ ലോക്കറ്റിൽ കുരിശ് ആലേഖനം ചെയ്തതും പരിഗണിച്ചാണ് ദേവികുളം തിരഞ്ഞെടുപ്പു റദ്ദാക്കിയത്.

അതേസമയം, ദേവികുളം തിരഞ്ഞടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിന്‍റെ ഡി.കുമാറിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി തള്ളി.

Latest News