മനുഷ്യന്റെ ഇടപെടലുകൾ മൂലം ലോകം മുമ്പെങ്ങുമില്ലാത്തവിധം വേഗത്തിൽ ചൂട് പിടിക്കുകയാണെന്ന് വ്യക്തമാക്കി പുതിയ പഠനങ്ങൾ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആഗോളതാപനത്തിന്റെ തോത് ഏകദേശം ഇരട്ടിയായി വർധിച്ചിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. പ്രകൃതിദത്തമായ മാറ്റങ്ങൾ മാറ്റിനിർത്തിയാൽപ്പോലും ഓരോ പത്ത് വർഷത്തിലും താപനില വലിയ തോതിൽ കൂടുന്നത് മനുഷ്യരാശിക്ക് വലിയ ഭീഷണിയാണ്.
നിലവിലെ ഈ പോക്ക് തുടരുകയാണെങ്കിൽ 2030 നു മുൻപുതന്നെ ഭൂമിയിലെ ചൂട് നിയന്ത്രിക്കാനായി നിശ്ചയിച്ചിട്ടുള്ള പരിധികൾ ലംഘിക്കപ്പെടും. അന്തരീക്ഷത്തിലെ മലിനീകരണവും കാർബൺ വാതകങ്ങളുടെ വർധനവുമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണമാകുന്നത്. ലോകത്തിലെ അഞ്ച് പ്രധാന ഗവേഷണകേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ച ശേഷമാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തിയത്.
ഭൂമി അമിതമായി ചൂടാകുന്നത് കടുത്ത ഉഷ്ണതരംഗങ്ങൾക്കും വലിയ മഴയ്ക്കും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വരുംവർഷങ്ങളിൽ താപനില കുറഞ്ഞില്ലെങ്കിൽ പ്രകൃതിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്താൽ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയൂ എന്നും പഠനം പറയുന്നു.

