ഇന്ത്യയിലെ ഏറ്റവും ആദരണീയനായ ശാസ്ത്രജ്ഞരില്‍ ഒരാളും നോബല്‍ സമ്മാന ജേതാവുമായ സി വി രാമന്‍ എന്ന് അറിയപ്പെടുന്ന, സര്‍ ചന്ദ്രശേഖര വെങ്കട രാമന്‍ ജനിച്ചത് 1888 നവംബര്‍ 7 നാണ്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയില്‍ ചന്ദ്രശേഖര അയ്യരുടേയും പാര്‍വതി അമ്മാളുടേയും എട്ട് മക്കളില്‍ രണ്ടാമനായാണ് രാമന്റെ ജനനം. സ്‌കൂള്‍ പഠനകാലത്ത് ഉന്നത നിലവാരം കാഴ്ചവച്ച വിദ്യാര്‍ഥിയായിരുന്നു രാമന്‍. സ്‌കോളര്‍ഷിപ്പുകളും സമ്മാനങ്ങളും രാമന്‍ വാരിക്കൂട്ടി. കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഡൈനാമോ നിര്‍മിച്ച് ഭൗതികശാസ്ത്രത്തിലുള്ള തന്റെ സാമര്‍ഥ്യം രാമന്‍ തെളിയിച്ചു.
സ്വര്‍ണ മെഡലും മെഡിക്കല്‍ ടെസ്റ്റിലെ പരാജയവും
മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്ന് ബിരുദവും ബിരുദാനന്തര വിരുദവും എടുത്തത് സ്വര്‍ണ മെഡലിന്റെ തിളക്കത്തോടെയാണ്. തുടര്‍ പഠനത്തിനായി വിദേശത്തു പോകാന്‍ ശ്രമം നടത്തിയെങ്കിലും മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ കഴിഞ്ഞില്ല. ഈ ടെസ്റ്റില്‍ പരാജയപ്പെട്ടത് ഒരു ഭാഗ്യമായി രാമന്‍ പിന്നീട് പറയുകയുണ്ടായി. അതുകൊണ്ടാണല്ലോ സ്വന്തം നാട്ടില്‍ നിന്നു ഗവേഷണം നടത്തി വിദേശത്തുള്ളവരുടെ പോലും ശ്രദ്ധയെ ഭാരതത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞത്.
ശാസ്ത്രത്തോടുള്ള അടുപ്പം
ഒരു കോളജ് ലക്ചര്‍ ആയിരുന്നു സി. വി. രാമന്റെ പിതാവ്. ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും ആയിരുന്നു പിതാവ് കോളജില്‍ പഠിപ്പിച്ചിരുന്നത്. ഇതാണ് സിവിയേയും ശാസ്ത്ര വിഷയത്തിലേക്ക് അടുപ്പിച്ചത്. 1917 ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ സര്‍ തരക നാഥ് പാലിതിന്റെ പേരിലുള്ള പാലിത് ചെയര്‍ ഓഫ് ഫിസിക്സില്‍ ആദ്യത്തെ ഭൗതിക ശാസ്ത്ര പ്രൊഫസറായി സി വി രാമന്‍ നിയമിതനായി. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ അദ്ധ്യാപനം നടത്തുമ്പോള്‍ തന്നെ അദ്ദേഹം കൊല്‍ക്കത്തയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സില്‍ ഗവേഷണം തുടര്‍ന്നു. പിന്നീട് അസോസിയേഷനില്‍ ഓണററി സ്‌കോളറായി.
കടലിന്റെ നീലിമ
1921 ല്‍ യൂറോപ്പിലേക്ക് പോകുമ്പോള്‍ കണ്ട, മെഡിറ്ററേനിയന്‍ കടലിന്റെ അത്ഭുതകരമായ നീല നിറമായിരുന്നു താന്‍ കണ്ടെത്തിയ ഒപ്റ്റിക്കല്‍ തിയറിക്ക് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രകാശത്തെക്കുറിച്ചുള്ള പഠനത്തില്‍ മാത്രമല്ല രാമന്‍ ശ്രദ്ധ പതിപ്പിച്ചത്. ശബ്ദശാസ്ത്രത്തിലും അദ്ദേഹം പരീക്ഷണം നടത്തി. ഇന്ത്യന്‍ ഡ്രമ്മുകളായ തബല, മൃദംഗം എന്നിവയുടെ ശബ്ദത്തിന്റെ സ്വരചേര്‍ച്ചയേക്കുറിച്ച് പഠനം നടത്തിയ ആദ്യത്തെ വ്യക്തികൂടിയാണ് സി വി രാമന്‍.
ദേശീയ ശാസ്ത്ര ദിനം
നോബല്‍ സമ്മാനത്തിന് അര്‍ഹനാക്കിയ കണ്ടുപിടുത്തത്തിന് വഴികാട്ടിയായ സുപ്രധാന പരീക്ഷണങ്ങള്‍ രാമന്‍ നടത്തിയത് ഐ എ സി എസില്‍ വച്ചായിരുന്നു. പ്രകാശകിരണങ്ങളുടെ വിസരണം സംബന്ധിച്ച തന്റെ സുപ്രധാന കണ്ടെത്തല്‍ സി വി രാമന്‍ നടത്തിയത് ഇവിടെ വച്ചായിരുന്നു. 1928 ഫെബ്രുവരി 28 നായിരുന്നു അത്. ആ ദിവസമാണ് നമ്മള്‍ ദേശീയ ശാസ്ത്ര ദിവസമായി ആചരിക്കുന്നത്.
സര്‍ പദവിയും നോബെല്‍ സമ്മാനവും ഭാരതരത്നയും
1924 ല്‍ ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റിയിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുമ്പോല്‍ രാമന് 36 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. കൂടാതെ 1925 ല്‍ റഷ്യന്‍ സയന്‍സ് അക്കാദമിയുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത രാമന് റഷ്യയിലെ പരമോന്നത പുരസ്‌ക്കാരമായ ലെനിന്‍ പീസ് അവാര്‍ഡും ലഭിച്ചു. 1929 ല്‍ ബ്രിട്ടീഷ് രാജാവായ ജോര്‍ജ് അഞ്ചാമന്‍ രാമന് സര്‍ പദവി നല്‍കി ആദരിക്കുകയുണ്ടായി. 1933 ല്‍ തന്നെ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ഡയറക്ടറായി രാമന്‍ ചുമതലയേറ്റു. ഇന്ത്യ സ്വതന്ത്രമായ വര്‍ഷം തന്നെ സി.വി രാമന്‍ നാഷണല്‍ പ്രൊഫസര്‍ എന്ന വിശിഷ്ട അംഗീകാരത്തിനും പാത്രമായി.
പ്രകാശത്തിന്റെ ക്വാണ്ടം സ്വഭാവവുമായി ബന്ധപ്പെട്ട് നടത്തിയ കണ്ടെത്തലിനാണ് 1930 ല്‍ അദ്ദേഹത്തിന് നൊബേല്‍ ലഭിച്ചത്. രാമന്‍ പ്രഭാവം എന്ന പേരിലാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം അറിയപ്പെടുന്നത്. തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി രാമന്‍ നിര്‍മിച്ച ഉപകരണത്തിന് കേവലം മുന്നൂറ് രൂപ മാത്രമായിരുന്നു ചെലവ്. ഭൗതികശാസ്ത്രത്തില്‍ ഇന്നും ഏറ്റവുമധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത് രാമന്‍ പ്രഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണെന്നത് അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തിന്റെ ശാസ്ത്രീയ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയില്‍ ഒരു സിവിലിയന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയായ ഭാരതരത്‌ന കരസ്ഥമാക്കിയ ശാസ്ത്രജ്ഞന്‍ കൂടിയാണ് സി.വി രാമന്‍. 1954 ലാണ് അദ്ദേഹത്തിന് ഭാരത രത്‌ന സമ്മാനിച്ചത്.
നോബെല്‍ സമ്മാന വേദിയില്‍ പൊട്ടിക്കരഞ്ഞ സി.വി. രാമന്‍
നോബെല്‍ സമ്മാന വേദിയില്‍ സി വി രാമന്‍ പൊട്ടിക്കരഞ്ഞിരുന്നു. ആത്മാഭിമാനത്തോടെ സമ്മാനം വാങ്ങാനെത്തിയ രാമനെ വേദനിപ്പിച്ചത് തന്റെ രാജ്യത്തിന് സ്വന്തമായി ഒരുദേശീയ പതാക പോലുമില്ലല്ലോ എന്നതായിരുന്നു. എല്ലാ രാജ്യത്തുനിന്നുമുള്ള പ്രതിനിധികള്‍ അവരവരുടെ രാജ്യത്തിന്റെ പതാകയ്ക്കു കീഴില്‍ അണിനിരന്നപ്പോള്‍ സി വി രാമന്‍ മാത്രം ബ്രിട്ടീഷുകാരുടെ പതാകയ്ക്കരികില്‍ നില്‍ക്കേണ്ടതായി വന്നു. പിന്നീടു പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷമാണല്ലോ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്.
അന്ത്യം
1970 നവംബര്‍ 21 നാണ് സി വി രാമന്‍ എന്ന മഹാനായ ശാസ്ത്രഞ്ജന്‍ ഇഹലോകവാസം വെടിഞ്ഞത്.