Tuesday, November 26, 2024

ഏഷ്യയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വര്‍ധിക്കുന്നു; ലോക കാലാവസ്ഥ സംഘടന

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏഷ്യയില്‍ ഓരോ വർഷവും വര്‍ധിക്കുകയാണ്. ഇത് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് ലോക കാലാവസ്ഥാ സംഘടന (WMO) അടുത്തിടെ പുറത്തുവിട്ടത്. വരള്‍ച്ചയും വെള്ളപ്പൊക്കവുമടക്കമുള്ള ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ഏഷ്യയിലാണെന്നാണ് ഡബ്ലു.എം ഒയുടെ കണ്ടെത്തല്‍.

ഡബ്ലു.എം ഒയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 ദശലക്ഷത്തിലധികം ആളുകളെ നേരിട്ട് വെള്ളപ്പൊക്കവും കൊടുങ്കാറ്റിനെയും തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍ ബാധിച്ചിട്ടുണ്ട്. 5,000-ത്തിലധികം ആളുകള്‍ ഈ ദുരന്തങ്ങളുടെ ഇരകളായി ജീവന്‍ നഷ്ടമായതായും ഡബ്ലു.എം ഒ വ്യക്തമാക്കുന്നു. ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യ, പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളെയാണ്. 2022 ലുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ ഇന്ത്യയ്ക്ക് കടുത്ത സാമ്പത്തിക നഷ്ടമാണ് സൃഷ്ടിച്ചത്. വരള്‍ച്ച, ഉഷ്ണ തരംഗം, വെള്ളപ്പൊക്കം എന്നിവയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ച ഘടകങ്ങള്‍. ഇതിലുടെ ഏകദേശം 420 കോടി ഡോളറിന്റെ നഷ്ടം ഇന്ത്യയ്ക്ക് ഉണ്ടായതായും ഡബ്ലു.എം ഒയെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ദ സ്‌റ്റേറ്റ് ഓഫ് ക്ലൈമറ്റ് ഇന്‍ ഏഷ്യ 2022ലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഗംഗ, ബ്രഹ്‌മപുത്ര നദീ തീരങ്ങളില്‍ മഴയുടെ അളവ് വളരെ കുറവായിരുന്നു. ഇത് കാര്‍ഷികമേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ”2022 ലുണ്ടായ ചൂടും വരള്‍ച്ചയും ഏഷ്യയിലെ മിക്ക ഹിമാനികളുടെയും സ്വാഭാവിക ഘടന നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇത് ഭാവിയില്‍ ഭക്ഷ്യ-ജല സുരക്ഷയിലും ആവാസവ്യവസ്ഥയിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും” WMO സെക്രട്ടറി ജനറല്‍ പെറ്റേരി താലസ് പറഞ്ഞു.

Latest News