Sunday, November 24, 2024

മാർ റാഫേൽ തട്ടിൽ, സീറോ മലബാർ മേജർ ആർച്ചുബിഷപ്പായി സ്ഥാനമേറ്റു

സീറോ മലബാർ സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ചു നടന്ന ചടങ്ങിൽ മാർ റാഫേൽ തട്ടിൽ, സീറോ മലബാർ മേജർ ആർച്ചുബിഷപ്പായി സ്ഥാനമേറ്റു. സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ ആയിരുന്നു ചടങ്ങിൽ മുഖ്യകാർമ്മികൻ.

2023 ഡിസംബർ 7-ാം തിയതി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ രാജി സ്വീകരിച്ചതോടെയാണു പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കേണ്ട സാഹചര്യം രൂപപ്പെട്ടത്. 2024 ജനുവരി 10-ാം തീയതിയാണ് സഭയുടെ കേന്ദ്ര കാര്യാലയത്തിലെ സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്ന സിനഡിൽ പുതിയ മേജർ ആർച്ചുബിഷപ്പായി അഭിവന്ദ്യ റാഫേൽ തട്ടിൽ പിതാവ് തെരഞ്ഞെടുക്കപ്പെടുന്നത്.

തൃശ്ശൂർ അതിരൂപതയിലെ വ്യാകുലമാതാവിന്റെ ബസിലിക്ക ഇടവകയിൽ തട്ടിൽ ഔസേപ്പ്-ത്രേസ്യ ദമ്പതികളുടെ പത്തുമക്കളിൽ ഇളയവനായി 1956 ഏപ്രിൽ 21നു ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തൃശ്ശൂർ അതിരൂപതയുടെ തോപ്പ് സെന്റ് മേരീസ് മൈനർ സെമിനാരിയിൽ വൈദികപരിശീലനത്തിനായി ചേർന്നു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽനിന്നു തത്വശാസ്ത്രദൈവശാസ്ത്ര പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1980 ഡിസംബർ 21നു മാർ ജോസഫ് കുണ്ടുകുളം പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. പൗരോഹിത്യസ്വീകരണത്തിനുശേഷം അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ അസിസ്റ്റന്റ് വികാരി, മൈനർ സെമിനാരിയിൽ ഫാദർ പ്രീഫെക്ട് അസിസ്റ്റന്റ് പ്രൊക്കുറേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച ബഹു. തട്ടിലച്ചൻ ഉപരിപഠനത്തിനായി റോമിലേക്കു പോയി. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു കാനൻനിയമത്തിൽ ഡോക്ടറേറ്റു നേടി. റോമിലെ ഉപരിപഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം തൃശ്ശൂർ അതിരൂപതയിൽ വൈസ് ചാൻസലർ, ചാൻസലർ, ജുഡീഷ്യൽ വികാരി, ജഡ്ജി, സിഞ്ചെല്ലൂസ്, പ്രോട്ടോസിഞ്ചെല്ലൂസ്, ഡി. ബി. സി. എൽ. സി. യുടെയും വിശ്വാസപരിശീലന വിഭാഗത്തിന്റെയും ഡയറക്ടർ, തൃശ്ശൂർ മേരിമാതാ സെമിനാരിയുടെ പ്രഥമ റെക്ടർ എന്നീ നിലകളിൽ പ്രശംസനീയമായ സേവനം അനുഷ്ഠിച്ചു.

2010 ഏപ്രിൽ 10നു തൃശ്ശൂർ അതിരൂപതയുടെ സഹായമെത്രാനായും ബ്രൂണി രൂപതയുടെ സ്ഥാനികമെത്രാനുമായി ഫാ. റാഫേൽ തട്ടിൽ നിയമിക്കപ്പെട്ടു. 2014-ൽ സീറോമലബാർ സഭയുടെ അധികാരപരിധിക്കു പുറത്തുള്ള വിശ്വാസികളുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമതിനായി. 2017 ഒക്ടോബർ 10നു ഫ്രാൻസിസ് മാർപാപ്പ അഭിവന്ദ്യ തട്ടിൽ പിതാവിനെ ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായി നിയമിച്ചു. 2018 ജനുവരി 7നു സ്ഥാനമേറ്റ പിതാവ് ഷംഷാബാദ് രൂപതയുടെ മെത്രാനായി സേവനംചെയ്തു വരവേയാണു സീറോമലബാർസഭയുടെ പിതാവും തലവനുമായി അദ്ദേഹത്തെ സിനഡ് തെരഞ്ഞെടുത്തത്. മലയാളം, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ള വ്യക്തിയാണ് നിയുക്ത മേജർ ആർച്ചുബിഷപ്പ്.

Latest News