വിമോചന ദൈവശാസ്ത്രത്തിന്റെറെ പിതാവ് ഗുസ്താവോ ഗുറ്റിയരസ് തന്റെ 96-ാം വയസ്സില്‍ ഈ ലോകത്തോടു വിടപറഞ്ഞു. ‘പാവങ്ങളുടെ പക്ഷം ചേരുക’ എന്ന അദ്ദേഹത്തിന്റെ ശൈലി ലോകമെമ്പാടുമുള്ള മത-രാഷ്ട്രീയനേതാക്കളെ സ്വാധീനിച്ചിട്ടുണ്ട്. വിശ്വാസത്തെയും പഠനങ്ങളെയും ചിന്തകളെയും പ്രവര്‍ത്തിയിലേക്കു കൊണ്ടുവന്ന മഹാനായ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം.
പിന്നെ ലോകം മുഴുവനിലുമുള്ള ജനതയുടെ കണ്ണീരും ദാരിദ്ര്യവും പട്ടിണിയും ആ വൈദികന്റെ ചിന്താവിഷയമായി. പട്ടിണിയും ദാരിദ്യവും ഒരു ദരിദ്രനും സ്വയം ഏറ്റെടുക്കുന്നതല്ല, ഒരു സമൂഹം ചില മനുഷ്യരുടെമേല്‍ വച്ചുകൊടുക്കുന്ന ഭാരമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇത്തരത്തിലുള്ള സമൂഹത്തിന്റെ വ്യവസ്ഥിതികള്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കാന്‍ ആ ജനതയെ ശക്തരാക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം തെരുവിലിറങ്ങി. അങ്ങനെ ലിബറേഷന്‍ തിയോളജി, വിമോചന ദൈവശാസ്ത്രത്തിന്റെ പിതാവായി (Father of Liberation Theology) അദ്ദേഹം മാറി. ആ ഡൊമിനിക്കന്‍ വൈദികനാണ് ഗുസ്താവോ ഗുറ്റിയരസ് (Gustavo Gutiérrez).
വിമോചന ദൈവശാസ്ത്രത്തിന്റെ പിതാവ് ഗുസ്താവോ ഗുറ്റിയരസ് തന്റെ 96-ാം വയസ്സില്‍ ഈ ലോകത്തോടു വിടപറഞ്ഞു (22-11-24). പാവപ്പെട്ടവന്റെ പക്ഷംചേരാനുള്ള തീരുമാനമെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്മുമ്പില്‍ ഉണ്ടായിരുന്നത് യാഥാര്‍ഥ്യങ്ങളെ നോക്കാനുള്ള ചങ്കുറപ്പായിരുന്നു. “പ്രിയപ്പെട്ടവരെ, ഞാന്‍ വരുന്നത് 60% ദരിദ്രരുള്ള ഭൂഖണ്ഡത്തില്‍ നിന്നാണ്. അവരില്‍ 82 ശതമാനവും അതിതീവ്രമായ പട്ടിണി അനുഭവിക്കുന്നവരാണ്” എന്ന് അദ്ദേഹം തന്റെ ജനത്തെ നോക്കി 2003 ല്‍ എഴുതിയപ്പോള്‍, നാം കാണാന്‍ പഠിച്ചത് യാഥാര്‍ഥ്യമാണ്. കണ്മുമ്പില്‍ കാണുന്നത് എന്താണോ അത് അവഗണിക്കാനാവില്ലെന്ന സത്യം. അതുമല്ലെങ്കില്‍, “ലിമ ഇടവകയിലെ എന്റെ പാവപ്പെട്ടവര്‍. അവരുടെ കഷ്ടപ്പാടുകളിലും തെളിയുന്ന പ്രത്യാശ, അനേകം പുസ്തകങ്ങളിലെ ഇനിയും മനസ്സിലാക്കാന്‍ സാധിക്കാത്ത ഗ്രന്ഥങ്ങളിലെ പ്രത്യാശയെക്കുറിച്ചുള്ള പഠനങ്ങളെക്കാള്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്” എന്ന് എഴുതിയപ്പോഴും മനുഷ്യന്‍ എന്ന പാഠപുസ്തകത്തിന്റെ താളുകള്‍ അദ്ദേഹം നമുക്കുവേണ്ടി തുറക്കുകയായിരുന്നു.
1928 ജൂണ്‍ എട്ടിന് പെറുവിലെ ലിമയില്‍ അദ്ദേഹം ജനിച്ചു. ബാല്യകാലത്ത് അദ്ദേഹം ‘ഓസ്റ്റെയോമൈലിറ്റിസ്’ എന്ന, അസ്ഥിയിലുണ്ടാകുന്ന അണുബാധ മൂലം സഹിക്കാനാവാത്ത വേദനയാൽ വലഞ്ഞിരുന്നു. 12 മുതല്‍ 18 വയസ്സുവരെ ജീവിച്ചത് വീല്‍ചെയറിലായിരുന്നു. അന്ന് മാതാപിതാക്കളും കൂടെയുള്ളവരും നല്‍കിയ സ്നേഹം വലുതായിരുന്നു. ഒരുപക്ഷേ, അവഗണിക്കപ്പെട്ട തെരുവുബാലനെ കണ്ടപ്പോള്‍ തന്റെ രോഗാവസ്ഥയുംഅദ്ദേഹം ചിന്തിച്ചിരിക്കണം. ബാല്യകാലത്ത് താന്‍ അനുഭവിച്ച സ്നേഹത്തില്‍നിന്നാണ് ഒന്നിച്ചു മുന്നേറേണ്ടതിനെക്കുറിച്ചുള്ള ചിന്തകള്‍ തന്നില്‍ രൂപപ്പെട്ടതെന്ന് അദ്ദേഹം പറയുന്നുണ്ട്. വീല്‍ചെയറില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റവനായി വളര്‍ന്നുവന്നു, കേംബ്രിഡ്ജ് അടക്കമുള്ള യൂണിവേഴ്സിറ്റികളിലെ പ്രൊഫസറായി, തത്വചിന്താലോകത്തും ക്രൈസ്തവ ദൈവശാസ്ത്രമേഖലയിലും വലിയ വിപ്ലവങ്ങള്‍ക്കും അദ്ദേഹം കാരണമായി.
അദ്ദേഹത്തിന്റെ 90-ാം ജന്മദിനാഘോഷത്തിന് ഫ്രാന്‍സിസ് പാപ്പ നല്‍കിയ ആശംസയില്‍, “അങ്ങയുടെ ദൈവശാസ്ത്ര ശുശ്രൂഷയിലൂടെ സഭയ്ക്കും സമൂഹത്തിനും നല്‍കിയ നന്മകള്‍ക്കും ദരിദ്രരോടുള്ള പ്രത്യേക സ്നേഹത്തിനും” എന്ന് സൂചിപ്പിക്കുന്നുണ്ട്. അനേകം കാലങ്ങളിലെയും അനേകം ദേശങ്ങളിലെയും വ്യക്തികളുടെ വിഷമങ്ങള്‍ ഒപ്പിയെടുത്ത അദ്ദേഹത്തെ ആദരിക്കാന്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു സാധിച്ചു.
വിശ്വാസത്തെയും പഠനങ്ങളെയും ചിന്തകളെയും പ്രവര്‍ത്തിയിലേക്കു കൊണ്ടുവരാന്‍ സഹായിച്ച, ഇതിനായി പൊതുബോധം രൂപപ്പെടുത്തിയ വലിയ മനുഷ്യന് യാത്രാമൊഴി.
ജസ്റ്റിന്‍ കാഞ്ഞൂത്തറ MCBS