Monday, November 25, 2024

താരപ്രഭയില്‍ പ്രഥമ കേരളീയം വാരാഘോഷത്തിനു തുടക്കമായി

താരപ്രഭയില്‍ സംസ്ഥാന സർക്കാരിന്റെ കേരളീയം ആഘോഷത്തിന് തലസ്ഥാന നഗരിയില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഥമ കേരളീയം വാരാഘോഷം ഉദ്ഘാടനം ചെയ്തത്. കമൽഹാസന്‍, ശോഭന, മോഹൻലാല്‍, മമ്മൂട്ടി എന്നിവരുള്‍പ്പെടെ കലാ-സാംസ്കാരികമേഖലയിലെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.

“കേരളീയരെന്ന് അഭിമാനിക്കുന്ന മുഴുവൻ ആളുകൾക്കും ആ സന്തോഷം പങ്കുവയ്ക്കാനും ലോകത്തോട് വിളിച്ചുപറയാനുമുള്ള അവസരമാണിത്. ലോകമെങ്ങുമുള്ള കേരളീയർക്ക് ഒരുമിച്ച് ആഘോഷിക്കാൻ എല്ലാ വർഷവും കേരളീയമുണ്ടാകും” – മുഖ്യമന്ത്രി പറഞ്ഞു. തനത് കലാരംഗം മുതല്‍ ഐ.ടി വരെ, മത്സ്യോല്പാദനം മുതല്‍ ടൂറിസം വരെ കേരളത്തില്‍ വലിയ സാധ്യതകള്‍ നിലനില്‍ക്കുന്നു എന്നുപറഞ്ഞ മുഖ്യമന്ത്രി, കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കാനാണ് കേരളീയമെന്നും കൂട്ടിച്ചര്‍ത്തു.

വ്യവസായികളായ എം.എ യൂസഫലി, രവി പിള്ള, വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികൾ എന്നിവരും പ്രഥമ കേരളീയം പരിപാടിയില്‍ പങ്കെടുത്തു.

അതേസമയം സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളീയം പരിപാടി ധൂര്‍ത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.കേരളീയത്തിൻ്റെയും നവ കേരള സദസ്സിൻ്റെയും പേരിൽ പണം പിരിച്ച് വമ്പൻ അഴിമതി അരങ്ങേറുകയാണെന്ന് യുഡിഎഫ് ആരോപിച്ചു. കേരളീയം വേദിക്ക് സമീപം ബിജെപിയുടെ പ്രതിഷേധവും അരങ്ങേറി. വിറ്റ നെല്ലിന്റെ പണം കിട്ടാത്ത കര്‍ഷകര്‍, ചെയ്ത ജോലിയുടെ ശമ്പളം കിട്ടാത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍, ഉച്ചക്കഞ്ഞി പ്രതിസന്ധി, പെൻഷൻ കുടിശ്ശിക ഇതിനൊന്നും പണം നൽകാതെ 27 കോടി ചെലവാക്കി കേരളീയം നടത്തുന്നത് ദൂർത്ത് അല്ലാതെ മറ്റെന്താണ് എന്നും പ്രതിപക്ഷം ചോദിച്ചു.

 

Latest News