സാങ്കേതിക സർവ്വകലാശാലാ തത്കാലിക വൈസ് ചാൻസിലറായി ഡോ. സിസ തോമസിനെ നിയമിച്ചതിനെതിരെ ഉള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിസി നിയമനത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുക.
കെ.ടി.യു പ്രൊ വൈസ് ചാൻസിലർമാർക്കോ, സംസ്ഥാനത്തെ മറ്റു സർവ്വകലാശാലയിലെ ചാൻസിലർമാർക്കോ തത്കാലിക ചുമതല നൽകേണ്ടിയിരുന്നതെന്നാണ് സർക്കാരിന്റെ ഹർജ്ജി. കാർഷിക സർവ്വകലാശാല വൈസ് ചാൻസിലറായി ഡോ. ഇഷിത റോയിയെ നിയമിച്ചതിനെതിരെയുള്ള ഹർജിയും കോടതി ഇന്ന് പരിഗണിക്കും.
കെ.ടി.യു മുൻ വൈസ് ചാൻസിലറെ സുപ്രീം കോടതി പുറത്താക്കിയതിനെ തുടർന്നാണ് ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തത്കാലിക വിസിയെ നിയമിച്ചത്. സർക്കാർ ശുപാർശ തള്ളിക്കൊണ്ടായിരുന്നു ഡോ. സിസ തോമസിന്റെ നിയമനം.
അതേസമയം കാർഷിക സർവ്വകലാശാല വൈസ് ചാൻസിലർ പി. ചന്ദ്രബാബു വിരമിച്ചതിനേത്തുടർന്നാണ് കാർഷിക ഉൽപാദന കമ്മിഷണർ ഇഷിത റോയ്ക്ക് വിസിയുടെ ചുമതല നൽകിയത്. ഇതിനെതിരെ ഇടതു അനുകൂല അധ്യാപക സംഘടന കോടതിയെ സമീപിക്കുകയായിരുന്നു. ഗവർണറെയും സംസ്ഥാന സർക്കാരിനെയും എതിർകക്ഷിയാക്കിയാണു ടീച്ചേഴ്സ് ഓർഗനൈസേഷൻ കേസ് കൊടുത്തത്. വിസിയുടെ ചുമതല യുജിസി ചട്ടമനുസരിച്ച് മുതിർന്ന പ്രഫസർക്ക് നൽകുന്നതിനു പകരം വിസി ആകുന്നതിനുള്ള യോഗ്യതാ മാനദണ്ഡം ഇല്ലാത്തയാൾക്ക് നൽകിയെന്നാണു സിപിഎം അധ്യാപക സംഘടനയുടെ പരാതി.