ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ജനാസ നമസ്കാരത്തിനു പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി നേതൃത്വം നല്കി. ഇന്നു രാവിലെ ബിര്‍ജന്ദില്‍ എത്തിക്കുന്ന മൃതദേഹം പുണ്യനഗരമായ മാഷ്ഹദിലെ ഇമാം റേസ പള്ളിയില്‍ പ്രാര്‍ഥനാച്ചടങ്ങുകള്‍ക്കു ശേഷം വൈകിട്ടു കബറടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ റഈസിക്ക് അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു.
ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് മഖ്ബേര്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ടെഹ്റാന് സര്‍വകലാശാലയില്‍ നിന്ന് ആരംഭിച്ച വിലാപയാത്രയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, ചൈനീസ് ഉപപ്രധാനമന്ത്രി ഷാങ് ഗോചിങ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഇറാന് നിര്‍ലോഭം പിന്തുണച്ച ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയും റഈസിക്കു വിടചൊല്ലാനെത്തി. വിദേശകാര്യമന്ത്രി ഹുസൈന് അമീര്‍ അബ്ദുല്ലാഹിയന്‍ അടക്കം 9 പേരാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.
അതേസമയം പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ ഹെലികോപ്റ്റര്‍ വനമേഖലയിലെ മലമ്പ്രദേശത്ത് തകര്‍ന്നു വീണതിനു പിന്നാലെ അന്വേഷണത്തിനായി ഇറാന് യുഎസിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തല്‍. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് മാത്യു മില്ലറാണ് ഇറാന് സര്‍ക്കാര്‍ സഹായം തേടിയ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.