ഇന്ന് ഒക്ടോബർ എട്ട്. ചരിത്രത്തിൽ ഈ ദിനം അടയാളപ്പെടുത്തുന്നത് ‘ദി ഗ്രേറ്റ് ചിക്കാഗോ ഫയർ’ ന്റെ ഓർമ്മദിനമായിട്ടാണ്. ഒരു നഗരത്തെ മുഴുവനായും തീനാവുകൾ വിഴുങ്ങിയപ്പോൾ, അമേരിക്കൻചരിത്രത്തിൽ വിസ്മരിക്കാനാകാത്ത ഈ ദിനത്തിന്റെ 153 -ാം വാർഷികമാണിന്ന്.
ഗ്രേറ്റ് ചിക്കാഗോ അഗ്നിബാധ, 1871 ഒക്ടോബർ എട്ടിന് ആരംഭിച്ച് ഒക്‌ടോബർ പത്തിന്റെ ആരംഭം വരെ തുടർന്നു. ഇത് ചിക്കാഗോയുടെ വിപുലമായ ഒരു പ്രദേശത്തെയൊന്നാകെ നശിപ്പിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ചിക്കാഗോയുടെ വളർച്ച അഭൂതപൂർവമായിരുന്നു. 1850-ൽ ജനസംഖ്യ ഏകദേശം 30,000-ലെത്തി; ഒരു ദശാബ്ദത്തിനുശേഷം അത് മൂന്നിരട്ടിയായി.
നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ, സാമ്പത്തികമായി മധ്യവർഗത്തിലുള്ളവരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, ഡൗണ്ടൗൺ പ്രദേശത്തിനു സമീപമുള്ള ദരിദ്രമായ സ്ഥലങ്ങൾ തിരക്കേറിയതായിരുന്നു; അവിടെയുള്ള കെട്ടിടങ്ങളും വീടുകളുമെല്ലാം മരം കൊണ്ടായിരുന്നു നിർമ്മിച്ചിരുന്നത്. അതുകൊണ്ടുതന്നെ അവിടെ തീപിടുത്തങ്ങൾ പതിവായിരുന്നു. എന്നാൽ, 1871 ഒക്ടോബർ എട്ടിന് ആരംഭിച്ച അഗ്നിബാധ അതുവരെ നടന്ന മറ്റൊന്നിനോടും താരതമ്യപ്പെടുത്താനാകില്ല. മാസങ്ങളോളം മഴപെയ്യാതെ വറ്റിവരണ്ട നഗരത്തിലായിരുന്നു അന്ന് തീപിടിത്തമുണ്ടായത്. തലേദിവസം രാത്രിയുണ്ടായ ഒരു വലിയ തീപിടിത്തം, അഗ്നിശമനസേനാംഗങ്ങളെ തളർത്തുകയും അവരുടെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.
നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത്, ഡി കോവൻ തെരുവിലാണ് ഗ്രേറ്റ് ചിക്കാഗോ അഗ്നിബാധ ആരംഭിച്ചത്. എന്നാൽ, അഗ്നിബാധയുടെ യഥാർഥ കാരണം ഇപ്പോഴും അറിവായിട്ടില്ല. ഒരുപക്ഷേ സാമൂഹികവിരുദ്ധർ, പാൽക്കള്ളന്മാർ, മദ്യപാനികൾ, സ്വയമേവയുണ്ടായ അഗ്നിബാധ (സാധ്യതയില്ലെങ്കിലും) ഇവരിൽ ആരെങ്കിലുമായിരിക്കും അഗ്നിബാധയ്ക്കു കാരണമെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്.
തീ ആളിപ്പടർന്നു; മിനിറ്റുകൾക്കുള്ളിൽ അത് നിയന്ത്രണാതീതമായി. വഴിതെറ്റിയ അഗ്നിശമനസേനാംഗങ്ങൾ വളരെ വൈകിയാണ് സ്ഥലത്തെത്തിയത്. തെക്കുപടിഞ്ഞാറു നിന്നുള്ള സ്ഥിരമായ ഒരു കാറ്റ്, വളരെപ്പെട്ടെന്ന് തീ പടരാൻ കാരണമായി. നഗരത്തിന്റെ വടക്കുഭാഗത്തേക്കു നീങ്ങിയപ്പോൾ കല്ലും ഇഷ്ടികയും കൊണ്ടുണ്ടാക്കിയ കെട്ടിടങ്ങൾപോലും തീപിടിച്ച് പൊട്ടിത്തെറിച്ചു. നഗരം അഗ്നിയാൽ ജ്വലിച്ചു. ചിക്കാഗോ നഗരം രണ്ടുദിവസം നിന്നുകത്തി. ഒക്‌ടോബർ പത്തിന് രാവിലെ അഗ്നിത്തിരമാലകൾ അവസാനിപ്പിച്ചത് മഴയും തടാകവും വടക്കൻഭാഗത്തെ കെട്ടിടങ്ങളില്ലാത്ത കുറച്ചു സ്ഥലങ്ങളും മാത്രമാണ്.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ അഗ്നിബാധ, ഏകദേശം 300 ജീവനുകൾ അപഹരിച്ചു. 3.5 ചതുരശ്ര മൈൽ (9 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള 17,450 കെട്ടിടങ്ങൾ നശിക്കുകയും, 200 മില്യൺ ഡോളറിന്റെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. നഗരത്തിന്റെ ഏകദേശം മൂന്നിലൊന്നു ഭാഗവും തകർന്നുകിടക്കുകയായിരുന്നു, ജനസംഖ്യയുടെ തുല്യ അനുപാതം – ഏകദേശം 1,00,000 ആളുകൾ- ഭവനരഹിതരായിരുന്നു.
ചിക്കാഗോയുടെ ഡൗണ്ടൗണിലും നോർത്ത് സൈഡിലും തീ നാശം വിതച്ചപ്പോൾ, തെക്ക്, പടിഞ്ഞാറ് വശങ്ങളിലെ സ്റ്റോക്ക് യാർഡുകളും തടിശാലകളും കേടുകൂടാതെയിരുന്നു. അങ്ങനെ നഗരം വേഗത്തിൽ പുനർനിർമ്മിച്ചു. 1880 ആയപ്പോഴേക്കും അതിന്റെ ജനസംഖ്യ അര ദശലക്ഷത്തിലെത്തി. ലൂയി സള്ളിവൻ, ഡാങ്കമർ അഡ്‌ലർ, വില്യം ഹോളബേർഡ്, ഡാനിയൽ എച്ച്. ബേൺഹാം, ജോൺ വെൽബോൺ റൂട്ട്, വില്യം ലെ ബാരൺ ജെന്നി എന്നിവരുൾപ്പെടെ നിരവധി പ്രഗത്ഭരായ വാസ്തുശില്പികൾ ചിക്കാഗോയിൽ ആകൃഷ്ടരായി. ഇതിലും ഉയരം കൂടിയ ഡൗണ്ടൗൺ കെട്ടിടങ്ങളുടെ പുതിയ തലമുറ സൃഷ്ടിച്ചത് ഈ ശില്പികളുടെ ശ്രമഫലമായാണ്. ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളും ഓഫീസുകളും സെൻട്രൽ ഏരിയയിൽ തിങ്ങിനിറഞ്ഞു, നദീതീരങ്ങളിലും റെയിൽപ്പാതകളിലും വ്യാവസായികവളർച്ച ഒരുപോലെ അസാധാരണമായിരുന്നു. എങ്കിലും സാധാരണയിൽനിന്നും വ്യത്യസ്തമായി ഈ നഗരം അതിജീവിച്ചു.
ഗ്രേറ്റ് ചിക്കാഗോ അഗ്നിബാധ, കെട്ടിട കോഡുകൾ, അഗ്നിസുരക്ഷാ ചട്ടങ്ങൾ, നഗര ആസൂത്രണം എന്നിവയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഇന്ന്, ഇത് അമേരിക്കൻചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ തീപിടുത്തങ്ങളിലൊന്നായി തുടരുന്നുവെങ്കിലും, ഈ തീപിടുത്തം ചിക്കാഗോയുടെ പ്രതിരോധശേഷിയുടെയും നിശ്ചയദാർഢ്യത്തിന്റെയും തെളിവാണ്.