വാഗ്നര്‍ ഗ്രൂപ്പ് പിടിച്ചെടുത്ത യുക്രൈന്‍ നഗരമായ ബഖ്മുത്തിന്‍റെ നിയന്ത്രണം റഷ്യന്‍ സേനക്ക് കൈമാറും. നഗരം പൂര്‍ണ്ണമായും പിടിച്ചെടുത്തതായും ജൂണ്‍ ഒന്നിനു റഷ്യന്‍ സേനക്ക് കൈമാറുമെന്നും വാഗ്നര്‍ ഗ്രൂപ്പിന്‍റെ മേധാവി പ്രഗോഷിനാണ് വ്യക്തമാക്കിയത്. എന്നാല്‍ നഗരം പിടിച്ചടക്കിയെന്ന പ്രഗോഷിന്‍റെ അവകാശവാദത്തെ തള്ളി യുക്രൈന്‍ പ്രസിഡന്‍റ് സെലൻസ്കി രംഗത്തെത്തി.
എട്ടു മാസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പ് നഗരം പിടിച്ചടക്കിയതായി അവകാശവാദം ഉന്നയിക്കുന്നത്. ‘ബഖ്മുത്ത് നഗരത്തിന്‍റെ നിയന്ത്രണം പൂര്‍ണ്ണമായും ഞങ്ങളുടെ കയ്യിലാണ്. ഒരാഴ്ച്ചക്കുള്ളില്‍ ഞങ്ങളുടെ അവസാനത്തെ സൈനികനേയും പിന്‍വലിച്ച് ജൂണ്‍ ഒന്നിനു റഷ്യന്‍ സേനക്ക് നഗരം കൈമാറും’ – പ്രഗോഷിന്‍ വ്യക്തമാക്കി. എന്നാല്‍ നേരിയ തോതില്‍ നഗരത്തിന്‍റെ നിയന്ത്രണം യുക്രൈന്‍ നിലനിര്‍ത്തുന്നുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി പറഞ്ഞു.
അതിനിടെ, യുക്രൈന്‍ സേനയിലെ അട്ടിമറി വിഭാഗം റഷ്യന്‍ അതിര്‍ത്തി മേഖലയായ ബെല്‍ഗോറോഡില്‍ കടന്നു കയറിയതായി റഷ്യ ആരോപിച്ചു. എന്നാല്‍ ഈ ആരോപണവും യുക്രൈന്‍ നിഷേധിച്ചു.