ഡിജിറ്റല്‍ തെളിവുകള്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ പരിശോധിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം.
ലൈംഗിക കുറ്റകൃത്യങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ ആര്‍ക്കും നല്‍കരുത്. പ്രതികള്‍ക്കും ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നതിന് വിലക്കുണ്ട്. ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് കോടതി ഉത്തരവ് പ്രകാരം മാത്രമേ ആകാവൂ. വിദഗ്ധരുടെ സാന്നിധ്യത്തില്‍ മാത്രമാകും ദൃശ്യങ്ങളുടെ പരിശോധന. ദൃശ്യ പരിശോധനയുടെ നടപടിക്രമങ്ങളും പരിശോധനാ സമയവും തീയതിയും പരിശോധിച്ച വ്യക്തികള്‍ ആരൊക്കെയെന്നും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. അവശ്യ ഘട്ടത്തില്‍ മാത്രമാണ് ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയ്ക്ക് അനുമതി ഉണ്ടാവുക.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം തെളിവുകള്‍ നശിപ്പിക്കാം. നശിപ്പിച്ചതിന്റെ റിപ്പോര്‍ട്ട് ബന്ധപ്പെട്ട അതോറിറ്റി കോടതിക്ക് നല്‍കണം. ദൃശ്യങ്ങള്‍ നശിപ്പിക്കുന്നതിനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുണ്ട്. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം വേണ്ടെന്ന എട്ടാം പ്രതി ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.