സത്യം ജനത്തെ അറിയിക്കാനുള്ള ഒളിക്യാമറ റെക്കാഡിംഗിന്റെ (സ്റ്റിംഗ് ഓപ്പറേഷന്‍) പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച നടപടി ഒഴിവാക്കാമെന്ന് ഹൈക്കോടതി. ജനാധിപത്യം സംരക്ഷിക്കുന്നതിനാകണം മാധ്യമങ്ങളുടെ അത്തരം പ്രവര്‍ത്തനങ്ങള്‍. സത്യം കണ്ടെത്തുന്നതിനപ്പുറം ആരുടെയെങ്കിലും വ്യക്തി സ്വാതന്ത്ര്യം ഹനിക്കലാകരുത് ലക്ഷ്യമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജയിലില്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷന്റെ പേരില്‍ സ്വകാര്യ ചാനലിനെതിരെ പൊലീസ് 2013 ലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്. മാധ്യമ സ്വാതന്ത്ര്യം നിഷേധിച്ചാല്‍ ജനാധിപത്യം ഇല്ലാതാകുമെന്ന് കോടതി പറഞ്ഞു. യഥാര്‍ത്ഥ വസ്തുതകള്‍ നല്‍കുന്ന മാധ്യമങ്ങളാണ് ജനാധിപത്യ പ്രക്രിയില്‍ പങ്കാളികളാകാന്‍ പൗരന്മാരെ പ്രാപ്തരാക്കുന്നത്. ഇതിനായി നിയമം അനുവദിക്കാത്ത ചില രീതികള്‍ മാധ്യമങ്ങള്‍ സ്വീകരിക്കാറുണ്ട്. ഒളിക്യാമറ അതിലൊന്നാണ്. ഇതിന്റെ നിയമപരമായ സാധ്യത സുപ്രീംകോടതി പലപ്പോഴായി പരിശോധിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
തെറ്റായ ലക്ഷ്യത്തോടെയാണ് സ്റ്റിംഗ് ഓപ്പറേഷനെങ്കില്‍ നിയമപിന്തുണയുണ്ടാകില്ല. കേസിന്റെ വസ്തുത പരിശോധിച്ച് കോടതിയായിരിക്കും ഇക്കാര്യം തീരുമാനിക്കുകയെന്നും കോടതി വ്യക്തമാക്കി.