സൗദി അറേബ്യയിലെ ചരിത്ര നഗരമായ ജിദ്ദ അൽ ബലദിലേക്ക് റമദാൻ ആദ്യ പകുതിയിൽ എത്തിയത് 20 ലക്ഷത്തിലധികം സന്ദർശകരാണ്. ലോകപൈതൃക പട്ടികയിലുള്ള ഈ പുരാതന നഗരത്തിലെ റമദാൻ ആഘോഷങ്ങളും വൈവിധ്യമാർന്ന പരിപാടികളുമാണ് ഇത്രയധികം ആളുകളെ ആകർഷിച്ചത്. പഴയകാല പ്രതാപം ഒട്ടും ചോരാതെ ഒരുക്കിയ ഈ വിനോദസഞ്ചാരകേന്ദ്രം ഇപ്പോൾ സന്ദർശകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
നഗരത്തിലെ ഇടുങ്ങിയ വഴികളും പഴയ കെട്ടിടങ്ങളും കാണാൻ സ്വദേശികളും വിദേശികളും ഒരുപോലെ എത്തുന്നുണ്ട്. ചരിത്രപ്രസിദ്ധമായ സൂഖ് അൽ അലവി, ബാബ് മക്ക തുടങ്ങിയ പഴയ ചന്തകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുരാതനമായ കെട്ടിടങ്ങളുടെ ഭംഗി ആസ്വദിക്കാനും നാടൻ വിഭവങ്ങൾ രുചിക്കാനും എത്തുന്നവർക്ക് ഇതൊരു പുതിയ അനുഭവമായി മാറുന്നു.
കച്ചവടത്തിനൊപ്പം തന്നെ പഴമ വിളിച്ചോതുന്ന കരകൗശലവും കഥ പറച്ചിലുകളും ഇവിടെ സജീവമാണ്. നഗരത്തിന്റെ തനതായ സംസ്കാരവും ചരിത്രവും നേരിട്ടറിയാൻ ഇവിടത്തെ ഓരോ തെരുവുകളും സന്ദർശകരെ സഹായിക്കുന്നു. സൗദിയുടെ പാരമ്പര്യം ലോകത്തിനു മുന്നിലെത്തിക്കുന്നതിൽ ഈ ചരിത്രനഗരം വലിയ പങ്കാണ് വഹിക്കുന്നത്.

