രാജ്യത്തെ ലക്ഷക്കണക്കിനുള്ള ക്രൈസ്തവവിശ്വാസികളില്‍ വലിയൊരു വിഭാഗം ഏറെ പാവനമായി ആചരിച്ചുപോരുന്ന സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നാം തീയതി 1956 മുതല്‍ 1996 വരെ കേരളത്തില്‍ പൊതു അവധിയായിരുന്നു. 1996-ല്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയുടെ സര്‍ക്കാരാണ് ഈ അവധി പിന്‍വലിച്ചത്. പിന്നീട് മാറിമാറിവന്ന സര്‍ക്കാരുകളുടെ മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെയും പരിഗണിച്ചിട്ടില്ല. ഈ ദിനത്തിലെ പൊതുഅവധി പുനഃസ്ഥാപിക്കണമെന്നത് ക്രൈസ്തവസഭകളുടെ ഏറെക്കാലമായുള്ള താല്പര്യമാണ്.
ജൂലൈ മൂന്നാം തീയതി ക്രൈസ്തവരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രിത അവധി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ക്രൈസ്തവ വിശ്വാസികളായ ജീവനക്കാര്‍ക്ക് അന്ന് ദൈവാലയങ്ങളില്‍ വിവിധ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍വേണ്ട സൗകര്യം ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ പല നിവേദനങ്ങള്‍ സര്‍ക്കാരിനു നല്‍കിയിട്ടും വേണ്ട തീരുമാനം ഉണ്ടായിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രിത അവധികളുടെ ലിസ്റ്റില്‍ ജൂലൈ മൂന്നാം തീയതിയും രേഖപ്പെടുത്തണം.
കേരളത്തിലെ ക്രൈസ്തവ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും വിശ്വാസികള്‍ക്കും തങ്ങളുടെ മതപരമായ അവകാശങ്ങള്‍ അനുഷ്ഠിക്കാനുള്ള ദിനമാണ് സെന്റ് തോമസ് ദിനമായ ജൂലൈ മൂന്ന്. കേരളപ്പിറവിയുടെ ആരംഭം മുതല്‍ നീണ്ട 40 വര്‍ഷം ജൂലൈ മൂന്ന് കേരളത്തില്‍ പൊതു അവധിദിനമായിരുന്നുവെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയും ഈ അവധി വീണ്ടും പുനഃസ്ഥാപിക്കുകയും ചെയ്യണമെന്ന് സര്‍ക്കാരിനോട് അത്മായഫോറം ആവശ്യപ്പെടുകയും ചെയ്യുന്നു.
ടോണി ചിറ്റിലപ്പിള്ളി
അത്മായ ഫോറം സെക്രട്ടറി, സീറോ മലബാര്‍ സഭ, എറണാകുളം