2025 ജൂബിലി വർഷത്തിൽ റോമിലെ വി. പൗലോസ് ശ്ലീഹായുടെ ബസിലിക്കയിലും വിശുദ്ധ വാതിൽ തുറന്നു. ബസിലിക്കയുടെ ആർച്ചുപ്രീസ്റ്റ് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി തിരുകർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികളും സന്നിഹിതരായിരുന്നു.
ഇതോടെ പ്രധാന നാല് ബസിലിക്കകളിലും വിശുദ്ധ വാതിലിലൂടെയുള്ള ജൂബിലി തീർഥാടനത്തിന് ആരംഭമായി. വിശ്വാസജീവിതത്തിൽ പാദമുറപ്പിച്ചുകൊണ്ട് ആത്മീയതീർഥാടനം നടത്താൻ ഈ ജൂബിലി അവസരമൊരുക്കട്ടെയെന്ന് കർദിനാൾ ആശംസിച്ചു. യേശുക്രിസ്തുവിന്റെ ജനനം നമുക്ക് രക്ഷ നൽകുന്നതും നമ്മിൽ പ്രത്യാശ ജനിപ്പിക്കുന്നതുമാണെന്നും കൂടാതെ, വിശുദ്ധ വാതിൽ തുറക്കുന്നത് ക്രിസ്തുവിലൂടെ തുറക്കപ്പെട്ട രക്ഷാമാർഗത്തിന്റെ അടയാളമാണെന്നും ഇത് നമ്മെ അനുരഞ്ജനത്തിലേക്ക് ആഹ്വാനം ചെയ്യുന്നതാണെന്നും സന്ദേശത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തി.
വി. പൗലോസ് അപ്പോസ്തലൻ രക്തസാക്ഷിത്വം വരിച്ച സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയാണ് ഈ ബസിലിക്ക സ്ഥിതിചെയ്യുന്നത്.
ദുരന്തങ്ങൾ, യുദ്ധങ്ങൾ, വിവിധ തരത്തിലുള്ള പ്രതിസന്ധികൾ എന്നിവയാൽ മുറിവേൽക്കുന്ന വർത്തമാനസാഹചര്യത്തിൽ, നമ്മെ നിരാശപ്പെടുത്താത്ത പ്രത്യശയുടെ വക്താക്കളായി മാറാൻ കർദിനാൾ എല്ലാവരോടും ആഹ്വാനം ചെയ്തു. എല്ലാ വിശുദ്ധ വർഷത്തെയുംപോലെ 2025 ലെ ജൂബിലിയും നമ്മോട് തീർഥാടകരാകാൻ ആവശ്യപ്പെടുന്നുവെന്നും പ്രത്യാശയുടെ തീർഥാടകരായി മാറാൻ നമുക്ക് പരിശ്രമിക്കാമെന്നും കർദിനാൾ തന്റെ സന്ദേശത്തിലൂടെ കൂട്ടിച്ചേർത്തു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്