Sunday, November 24, 2024

പപ്പായ ഒരു ചെറിയ പഴമല്ല!

നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലവർഗമാണ് പപ്പായ. ‘മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല’ എന്ന് പറയുന്നതുപോലെ, മുറ്റത്തെ പപ്പായയ്ക്ക് ഗുണമില്ല എന്ന് കരുതുന്നതുകൊണ്ടാണോ എന്നറിയില്ല പലരും ഇതിന് വേണ്ടത്ര പരിഗണന കൊടുക്കാറില്ല. എന്നാൽ, നമുക്ക് ലഭ്യമായതിൽ ഏറ്റവും സുലഭവും വിലകുറഞ്ഞതും ഗുണം ഏറ്റവും കൂടുതലുള്ളതുമായ പപ്പായ അത്ര നിസ്സാരക്കാരനല്ല. പോഷകങ്ങളുടെ കലവറയാണെങ്കിലും വെറുംവയറ്റിൽ പപ്പായ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് അറിയാമോ?

വെറുംവയറ്റിൽ പപ്പായ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും മലബന്ധവും കാൻസർ സാധ്യതയും കുറയ്ക്കാനും സഹായിക്കും. എൻസൈമുകൾ, ആന്റി ഓക്‌സിഡന്റുകൾ, വിവിധ പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് ഇത്. നാരുകൾ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, എ, സി, ഇ, കെ തുടങ്ങിയ വിറ്റാമിനുകളുടെ മികച്ച ഉറവിടമായ പപ്പായ കലോറി കുറഞ്ഞ പഴമാണ്. 157 ഗ്രാം ഭാരമുള്ള ഒരു കഷണം പപ്പായയിൽ ഏകദേശം 68 കലോറി അടങ്ങിയിട്ടുണ്ട്. നാരുകളുടെ അംശവും കുറഞ്ഞ കലോറിയും കാരണം ശരീരഭാരം കുറയ്ക്കുന്നവർക്ക് ഈ പഴം പ്രത്യേകിച്ചും ഗുണം ചെയ്യും.

വെറുംവയറ്റിൽ പപ്പായ കഴിക്കുന്നതിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ

ശരീരഭാരം കുറയ്ക്കാനുള്ള പിന്തുണ

വയറിലെ കൊഴുപ്പ് ഉരുകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പപ്പായയുമായി ചങ്ങാത്തം കൂടൂ. തടികുറയ്ക്കാൻ പട്ടിണി കിടക്കുന്നവർക്ക് ഈ പഴം ഉത്തമമാണ്. വെറുംവയറ്റിൽ പപ്പായ കഴിക്കുന്നത് പകൽ മുഴുവൻ വിശപ്പിനെ അകറ്റാൻ സഹായിക്കും. കലോറിയും ഉയർന്ന നാരുകളുമുള്ളതിനാൽ, പപ്പായ വിശപ്പും ശരീരഭാരവും നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഹൃദയത്തെ സംരക്ഷിക്കുന്നു

പപ്പായയിൽ പൊട്ടാസ്യം, നാരുകൾ, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. ഈ പോഷകങ്ങൾ കൊളസ്ട്രോളിന്റെ അളവ് സാധാരണനിലയിലാക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. കുറഞ്ഞ പഞ്ചസാരയും ഉയർന്ന നാരുകളുമുള്ള പപ്പായ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നതിലൂടെ ഹൈപ്പർടെൻഷൻ തടയുന്നു. പപ്പായയിലെ പപ്പൈൻ എൻസൈം സ്വാഭാവിക വേദനസംഹാരിയായി പ്രവർത്തിക്കുകയും സൈറ്റോകൈൻ ഉൽപാദനത്തിലൂടെ നീർക്കെട്ടുകളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

തിളങ്ങുന്ന ചർമം

തിളങ്ങുന്ന ചർമം ലഭിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് പപ്പായ ഒരു നല്ല സൗന്ദര്യവർധകവസ്തു കൂടിയാണ്. പപ്പായയിലെ സ്വാഭാവിക എൻസൈമുകളും ആന്റി ഓക്‌സിഡന്റുകളും ചർമത്തിലെ മൃതകോശങ്ങൾ നീക്കംചെയ്യാനും സുഷിരങ്ങൾ മായ്‌ക്കാനും ചുളിവുകൾ തടയാനും ചർമത്തിന്റെ ആരോഗ്യം വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് മുറിവുണക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും പൊള്ളലേറ്റ ചർമത്തിലെ അണുബാധ തടയുകയും ചെയ്യുന്നു. രാവിലെ വെറുംവയത്തിൽ പപ്പായ കഴിക്കുമ്പോൾ, അത് നിങ്ങളുടെ കുടലിന്റെ ആരോഗ്യം വർധിപ്പിക്കുന്നു. നല്ല ദഹനം തിളങ്ങുന്ന ചർമത്തിനും കാരണമാകുന്നു.

മലബന്ധത്തിന് ആശ്വാസം

പപ്പായയിൽ ഉയർന്ന നാരുകൾ ഉള്ളതിനാൽ വെറുംവയറ്റിൽ ഇത് കഴിക്കുന്നത് മലവിസർജനം സുഗമമാക്കുകയും മലബന്ധത്തിൽനിന്ന് ആശ്വാസം നൽകുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിലെ ദഹന എൻസൈമുകൾക്ക് ഭക്ഷണത്തെ തകർക്കാനും വയറിനെ പൂർണ്ണമായും വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. രാവിലെ ഇത് കഴിക്കുന്നത് വയറിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ ആരംഭിക്കാൻ സഹായിക്കും.

എന്നിരുന്നാലും, പപ്പായ കഴിക്കുമ്പോൾ ചില പാർശ്വഫലങ്ങളുമുണ്ട്. ഉയർന്ന അളവിൽ ലാറ്റക്സ് അടങ്ങിയിട്ടുള്ളതിനാൽ പച്ചയോ, പകുതി പഴുത്തതോ ആയ പപ്പായ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ലാറ്റക്‌സിന്റെ ഈ സാന്ദ്രീകൃതരൂപം സ്ത്രീകളിൽ ഗർഭാശയ സങ്കോചങ്ങൾക്കു കാരണമായേക്കാം. അമിതമായ ഉപയോഗം അന്നനാളത്തിന്റെ പാളിക്ക് കേടുപാടുകൾ വരുത്തുകയും ലാറ്റക്സ് അലർജിക്കു കാരണമാവുകയും ചെയ്യും. കുറഞ്ഞ രക്തസമ്മർദമുള്ളവരും ഭക്ഷണ അലർജിക്കു സാധ്യതയുള്ളവരും ജാഗ്രത പാലിക്കണം. ബീജങ്ങളുടെ എണ്ണം കുറയ്ക്കുമെന്ന് അറിയപ്പെടുന്ന പപ്പായ വിത്തും ശ്രദ്ധയോടെ കഴിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News