പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളില്‍ 60 പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 200 കടന്നതായി അധികൃതര്‍ അറിയിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട വീഡിയോദൃശ്യങ്ങൾ പരിശോധിച്ചാണ് കൂടുതല്‍ ആളുകളെ അറസ്റ്റ് ചെയ്തത്.
ഫൈസലാബാദ് ജില്ലയിലെ ജറൻവാലയിൽ പള്ളികള്‍ക്കുനേരെ മതനിന്ദാ ആരോപണമുയർത്തിയായിരുന്നു കഴിഞ്ഞയാഴ്ച ആക്രമണം നടന്നത്. 21 പള്ളികള്‍ക്കുപുറമെ ഒരു ക്രിസ്ത്യൻ സെമിത്തേരിയും പ്രദേശത്തെ അസി. കമീഷണറുടെ ഓഫീസും അക്രമികള്‍ തകര്‍ത്തിരുന്നു. സംഭവത്തിനു തൊട്ടുപിന്നാലെ 145 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അക്രമവുമായി ബന്ധപ്പെട്ട വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷമാണ് 60 പേരെക്കൂടി അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പൊലീസ് ഇൻസ്പെക്ടർ ജനറൽ ഡോ. ഉസ്മാൻ അൻവർ പറഞ്ഞു.
പ്രതികൾക്കെതിരായ തെളിവുകൾ തീവ്രവാദവിരുദ്ധ കോടതിയിൽ പൊലീസ് സമർപ്പിക്കും. അതേസമയം, തകർക്കപ്പെട്ട പള്ളികളും വീടുകളും പുനരുദ്ധരിക്കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്.