ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. മിസൈല്‍ ആക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. സുരക്ഷാസാഹചര്യങ്ങളും പ്രദേശിക സുരക്ഷാ ഉപദേശങ്ങളും അനുസരിച്ച് പെരുമാറണമെന്നും നിര്‍ദേശം നല്‍കി.
നിലവിലുള്ള സാഹചര്യം ഇസ്രയേല്‍ അധികൃതരുമായി സംസാരിച്ചതായും എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രയേല്‍ തയ്യാറണെന്ന് അറിയിച്ചതായും മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. കൊല്ലം സ്വദേശി നിബിന്‍ മാക്‌സ്വല്ലാണ് ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മരിച്ചത്.
രണ്ട് മാസം മുമ്പാണ് നിബിന്‍ ഇസ്രയേലിലേക്ക് പോയത്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 11 മണിക്ക് ഗലീലി ഫിംഗറില്‍ മൊഷാവ് എന്ന സ്ഥലത്ത് വച്ചാണ് ആക്രമണം നടന്നത്. നിബിന്റെ മൃതദേഹം സീവ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ നാല് ദിവസം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. നിബിന്റെ സഹോദരന്‍ നിവിനും ഇസ്രയേലിലാണ്.