Monday, November 25, 2024

വ്യോമയാന മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറുമെന്ന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം

ആഗോള വ്യോമയാന മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി രാജ്യത്തുനിന്നുള്ള വിമാനസർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി വ്യോമയാന മന്ത്രാലയം. കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി വുംലുൻമാങ് വുവൽനം ആണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്.

“ഏകദേശം 2,900 -ഓളം വിമാനങ്ങളാണ് നിലവില്‍ രാജ്യത്ത് സർവീസുകൾ നടത്തുന്നത്. സർവീസുകളുടെ എണ്ണം ഇതിനേക്കാൾ ഇരട്ടിയാക്കാനാണ് തീരുമാനം. സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും പഠനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്” – അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര എയർ ട്രാഫിക് കൺട്രോളേഴ്സ് ദിനത്തിൽ എയർ ട്രാഫിക് കൺട്രോളർ ഗിൽഡിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് വുംലുൻമാങ് വുവൽനം സർവീസുകളുടെ എണ്ണം ഉയർത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് പീയൂഷ് ശ്രീവാസ്തവ, എ.ടി.സി ഗിൽഡ് ജനറൽ സെക്രട്ടറി അലോക് യാദവ്, സിവിൽ ഏവിയേഷൻ സഹമന്ത്രി വി.കെ സിംഗ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, അതിവേഗം വളരുന്ന സിവിൽ ഏവിയേഷൻ വിപണികളിൽ ഒന്നായ ഇന്ത്യയ്ക്ക് വ്യോമയാന മേഖലയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ചുരുങ്ങിയ കാലയളവിനുള്ളിൽ കഴിയുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.

Latest News