വികസനം അത് സമൂഹത്തിലെ ഉയർന്ന സാമ്പത്തികനിലയിലുള്ളവർക്കു മാത്രമല്ല താഴേത്തട്ടിലുള്ളവർക്കും പ്രാപ്യമാണെന്നും അതിന് അവർക്ക് അവകാശമുണ്ടെന്നും ലോകത്തോടു വിളിച്ചുപറഞ്ഞ, അതിനായി പ്രയത്നിച്ച അതുല്യ മനുഷ്യസ്‌നേഹികളുടെ ഒരു കുടുംബം. ഒരു രാജ്യത്തെ പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ നെഞ്ചേറ്റിയ വ്യവസായിക സംരംഭം. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനായുള്ള ഓട്ടത്തിനിടെ സാധാരക്കാർ മാറ്റിവച്ച പല സ്വപ്നങ്ങൾക്കും നിറംപകർന്നവർ. ഈ വിശേഷണങ്ങളെല്ലാം ചെന്നുനിൽക്കുന്നത് കഴിഞ്ഞ ദിവസം അന്തരിച്ച രത്തൻ ടാറ്റയുടെ ബിസിനസ് ശൃംഖലയിലേക്കാണ്.
വ്യാവസായികരംഗത്തെ തങ്ങളുടെ ദീർഘവീക്ഷണങ്ങളെ സാധാരക്കാർക്കു കൂടെ പ്രാപ്യമായ രീതിയിൽ രൂപകല്പന ചെയ്തുകൊണ്ടാണ് ടാറ്റ ഇന്ത്യയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത്. ഇതു തന്നെയായിരുന്നു രത്തൻ ടാറ്റയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അനേകം ബിസിനസ്സുകാരിൽനിന്നും വ്യത്യസ്തരാക്കിയതും.
ഇന്ന് രത്തൻ ടാറ്റായുടെ മരണശേഷം ആ വ്യക്തിയുമായി യാതൊരു ബന്ധവുമില്ലാത്ത അനേകം ഭവനങ്ങളിൽ ടാറ്റ എന്ന പേര് മുഴങ്ങുന്നുണ്ട്. ഇന്ത്യയിലുടനീളം കോടിക്കണക്കിന് ആളുകൾ ടാറ്റ ഗ്രൂപ്പിന്റെ ഉപ്പും പയറും ഉപയോഗിക്കുന്നു. ടാറ്റ സ്റ്റീലിൽ നിർമ്മിച്ച വീടുകളിൽ സുരക്ഷിതമായി അന്തിയുറങ്ങുന്നു. ടാറ്റായുടെ വാഹനങ്ങൾ ഉപയോഗിക്കുന്നു. കശ്മീരിൽ, ഫിർദോസ ജാൻ ടാറ്റ ടീ ഗോൾഡ് എന്ന് ലേബൽ ചെയ്ത ഒരു പാക്കറ്റിൽനിന്ന് അവളുടെ കുടുംബത്തിന് ചായ ഉണ്ടാക്കുന്നു. നൂറുകണക്കിന് മൈലുകൾ അകലെയുള്ള വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ നാഗാലാൻഡിൽ, 25-കാരനായ ടീസോവിനുവോ യോമെ ടാറ്റ ഉപ്പ് ഉപയോഗിച്ച് പാകം ചെയ്യുന്നു.
ടാറ്റ ഒരു ബിസിനസ് ഗ്രൂപ്പായിരുന്നു എങ്കിലും സാധാരണക്കാർക്കൊപ്പം അവരുടെ സ്വപ്നങ്ങൾക്ക് നിറംപകർന്നുകൊണ്ട് അവരുടെ മനസ്സുകളിൽ ഇടം നേടാനും വിശ്വാസം നേടാനും കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, രത്തൻ ടാറ്റയുടെ മുത്തച്ഛൻ ജംഷെഡ്ജി നുസെർവാൻജി ടാറ്റ ഇന്ത്യയിലെ ആദ്യത്തെ ആഡംബര ഹോട്ടൽ നിർമ്മിച്ചു. ബ്രിട്ടീഷ് ഭരണാധികാരികൾ രാജ്യത്ത് നിർമ്മിച്ചതിനെക്കാൾ മികച്ചതായി പലരും ഇതിനെ കണ്ടു. അദ്ദേഹത്തിന്റെ അമ്മാവൻ ജെ. ആർ. ഡി. ടാറ്റ രാജ്യത്തെ ആദ്യത്തെ എയർലൈൻസ് ആരംഭിച്ചു. അത് അതിന്റെ സേവനത്തിനും സമയനിഷ്ഠയ്ക്കും പ്രശംസ നേടി. സാമൂഹിക ഉത്തരവാദിത്വങ്ങളെക്കുറിച്ച് ടാറ്റ ഗ്രൂപ്പ് എന്നും ചിന്തിച്ചിരുന്നു.
1896-ൽ തൊഴിലാളികൾക്കായി ആദ്യകാല ജീവനക്കാരുടെ ആനുകൂല്യപരിപാടികൾ ആദ്യമായി അവതരിപ്പിച്ചത് ഈ ഗ്രൂപ്പാണ്. അവിടെ ഒരു സ്റ്റീൽ മിൽ ആരംഭിക്കുന്നതിനുമുമ്പ് ജംഷഡ്പൂരിൽ ഒരു ആശുപത്രി നിർമ്മിച്ചു. 1892-ൽ വിദേശത്ത് ഉന്നതപഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി ഒരു എൻഡോവ്മെൻ്റ് ഫണ്ട് സ്ഥാപിക്കുകയും 1909-ൽ ഇപ്പോൾ ഒരു പൊതുഗവേഷണ സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിക്കുകയും ചെയ്തു.
ഒരു ചെറിയ കുടുംബത്തിന് അവരുടെ ചെലവുകൾക്കിടയിലും ഒരു കുഞ്ഞൻകാറെന്ന സ്വപ്നം ടാറ്റ സാധ്യമാക്കി. അങ്ങനെയാണ് സാധാരക്കാരുടെ കാർ എന്നപേരിൽ ടാറ്റ നാനോ എത്തുന്നത്. 2008-ൽ ടാറ്റ നാനോ ഇറക്കിയ കമ്പനി ആ വർഷംതന്നെ ബ്രിട്ടീഷ് ബ്രാൻഡുകളായ ജാഗ്വാർ, ലാൻഡ് റോവർ എന്നിവ ഏറ്റെടുത്തു. അതായത്, സാധാരണക്കാർക്കും ഒപ്പം സമ്പന്നർക്കുമിടയിൽ ഒരുപോലെ തങ്ങളുടെ വിശ്വാസ്യതയും സേവനവും ഉറപ്പാക്കാൻ അവർ പരിശ്രമിച്ചിരുന്നു എന്നർഥം.
ടാറ്റ കാറുകൾ, വാച്ചുകൾ, എയർ കണ്ടീഷണറുകൾ, സോപ്പുകൾ, ഉപ്പ്, ചായ എന്നിവ ഗ്രൂപ്പ് ഉൽല്പാദിപ്പിക്കുന്നതിന്റെയോ, വിപണിയുടെയോ ഒരു ഭാഗംമാത്രമാണ്. ഗുണമേന്മയിലും സുരക്ഷയിലും ഒരിക്കലും വിട്ടുവീഴ്ച വരുത്താതെയും സാമൂഹിക അവബോധത്തോടെയുമുള്ള ടാറ്റായുടെ പ്രവർത്തനങ്ങൾ എന്നും ഭാരതത്തിലെ ജനങ്ങൾക്ക് ഈ കമ്പനിയെ പ്രിയപ്പെട്ടതാക്കി. ജനങ്ങൾക്കൊപ്പം, ജനങ്ങളോടുചേർന്ന് ഇവർ വളരുകയായിരുന്നു; അല്ലെങ്കിൽ വളർത്തുകയായിരുന്നു.