ഗാസയില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥര്‍ ഇസ്രായേല്‍ സര്‍ക്കാരിന് ഇതു സംബന്ധിച്ച സൂചനകള്‍ നല്കി. നെതന്യാഹുവിന് പുറമെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവി എന്നിവര്‍ക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇപ്പോള്‍ അന്വേഷിക്കുകയാണ്.
അതേസമയം, ഐസിസിയുടെ അറസ്റ്റ് വാറണ്ട് വാര്‍ത്തയില്‍ നെതന്യാഹു അസ്വസ്ഥനാണെന്നും അസാധാരണ സമ്മര്‍ദ്ദത്തിലാണെന്നും ഇസ്രായേലി പത്രമായ മാരിവ് റിപ്പോര്‍ട്ട് ചെയ്യുന്നു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഒഴിവാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഉള്‍പ്പെടെയുള്ള ലോകനേതാക്കളെ നെതന്യാഹു കഴിഞ്ഞ ദിവസങ്ങളില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അതേസമയം സ്വയരക്ഷക്ക് വേണ്ടിയാണ് രാജ്യത്തിന്റെ ശ്രമങ്ങളെന്നും അതിനെ തുരങ്കംവെക്കുന്ന ഐ.സി.സിയുടെ ഒരു ശ്രമവും ഇസ്രായേല്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും നെതന്യാഹു എക്സില്‍ കുറിച്ചു.