ദക്ഷിണ പസഫിക്കിന്റെ ഹൃദയവും ആത്മാവുമായ ഒരു ദ്വീപസമൂഹമാണ് ഫ്രഞ്ച് പോളിനേഷ്യ ഉള്‍പ്പെടുന്ന ദ്വീപുകളുടെ ശൃഖംലയായ തഹിതി. വെളളമണല്‍ വിരിച്ച കടലോരങ്ങളും ആളൊഴിഞ്ഞതും ശാന്തവുമായ ചെറുദ്വീപുകളുമെല്ലാം ഉള്‍പ്പെടുന്ന 118 ദ്വീപുകള്‍ ചേര്‍ന്നതാണീ മനോഹര ദ്വീപ സമൂഹം. വിനോദ സഞ്ചാരികളുടെ പറുദീസയായ തഹിതി അറിയപ്പെടുന്നത് പസഫിക്കിന്റെ രാജ്ഞിയെന്നാണ്. ഫ്രഞ്ച് പോളിനേഷ്യയുടെ സാമ്പത്തിക കേന്ദ്രമാണ് തഹിതി. ലൊസാഞ്ചലസ്, കലിഫോര്‍ണിയ, ഓസ്ട്രേലിയയിലെ സിഡ്നി എന്നിവയ്ക്കിടയിലാണ് ഈ ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. താഹിതിയിലെ ജനസംഖ്യ ഏകദേശം 1,89,000 ആണ്.
തഹിതിയിലെ ആകര്‍ഷണങ്ങള്‍
തഹിതി ദ്വീപിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. വടക്കുപടിഞ്ഞാറ് ഭാഗം തഹിതി ന്യൂ എന്നും ചെറുതും തെക്കുകിഴക്കന്‍ ഉപദ്വീപുമായ ഭാഗം തഹിതി ഇതി എന്നും അറിയപ്പെടുന്നു. ഫ്രഞ്ച് പോളിനേഷ്യയിലെ ഏറ്റവും ഉയരം കൂടിയ ഒരോഹെന പര്‍വതം ഉള്‍പ്പെടെ നിര്‍ജീവമായ മൂന്ന് അഗ്‌നിപര്‍വതങ്ങളാണ് തഹിതി ന്യൂവിലെ ആകര്‍ഷണം. ആഴത്തിലുള്ള നീല പസഫിക് സമുദ്രത്തിന്റെ തീരത്തുള്ള മനോഹരമായ ബീച്ചുകളും ഇവിടുത്തെ പ്രത്യേകതയാണ്. ബ്ലൂ ലഗൂണുകളും വെളുത്ത മണല്‍ ബീച്ചുകളും റിസോട്ടുകളും ബോട്ട് ടൂറുകളുമെല്ലാം സഞ്ചാരികളെ ദ്വീപിലേയ്ക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.
അനുയോജ്യ സമയം
വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും തഹിതി സന്ദര്‍ശിക്കാം. നിയന്ത്രണങ്ങളില്ല. പക്ഷേ മികച്ച കാലാവസ്ഥാ അനുഭവം ലഭിക്കണമെങ്കില്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ തഹിതി സന്ദര്‍ശിക്കണം. പ്രദേശത്തെ വെള്ളത്തിനടിയിലുള്ള ബംഗ്ലാവുകള്‍ അവിശ്വസനീയവും ആഡംബരവുമാണ്. സമുദ്രജീവികളുടേയും പഴങ്ങളുടേയും പച്ചക്കറികളുടേയും വന്‍ ശേഖരവും ഈ പ്രദേശത്തുണ്ട്. പരമ്പരാഗത താഹിത്യന്‍ പാചകരീതി വ്യത്യസ്തമായ അനുഭവവും പ്രധാനം ചെയ്യുന്നു.
തഹിതിയിലെ ജനങ്ങള്‍
തഹിതിയിലെ ജനങ്ങളില്‍ ബഹുഭൂരിഭാഗവും തെക്കു കിഴക്കന്‍ ഏഷ്യയിലേയും യൂറോപ്പിലേയും രാജ്യങ്ങളില്‍ നിന്നു കുടിയേറിയവരുടെ പിന്‍ഗാമികളാണ്. ചൈനീസ് വംശജരാണ് പ്രധാന ന്യൂനപക്ഷം. ഫ്രഞ്ച്, ബ്രിട്ടീഷ്, അമേരിക്കന്‍ ജനവിഭാഗങ്ങളും ഇവിടെ വസിക്കുന്നു. ഫ്രഞ്ച് പോളിനേഷ്യയുടെ ഭരണകേന്ദ്രവും തഹീതിയുടെ തലസ്ഥാനവുമായ പപ്പീറ്റിയാണ് മുഖ്യ ജനാധിവാസകേന്ദ്രം. തീരപ്രദേശങ്ങളില്‍ ഗ്രാമീണര്‍ തിങ്ങിപ്പാര്‍ക്കുന്നു. ജനങ്ങളില്‍ ഭൂരിപക്ഷം ക്രൈസ്തവരാണ്. തഹീതിയിലെ പ്രധാന തുറമുഖമാണ് പപ്പീറ്റി. ചരക്കുകപ്പലുകള്‍ക്കും യാത്രക്കപ്പലുകള്‍ക്കും നങ്കൂരമിടാന്‍ ഇവിടെ വിപുലമായ സൗകര്യങ്ങളുണ്ട്. തഹിതിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പല വന്‍നഗരങ്ങളിലേക്കും മറ്റു പസഫിക് ദ്വീപുകളിലേക്കും വിമാന സര്‍വീസുകളുണ്ട്.