റഫ മേഖലയില്‍ 11 മണിക്കൂര്‍ നീളുന്ന പകല്‍ വെടിനിര്‍ത്തല്‍ വഴി ഗസ്സയിലേക്കുള്ള മുടങ്ങിയ സഹായവിതരണം പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. അന്തര്‍ദേശീയ സമൂഹത്തിന്റെയും യു.എന്നിന്റെയും ഇടപടലുകളെ തുടര്‍ന്നാണ് തീരുമാനം. പരിമിത തോതിലാണെങ്കിലും നടപടി സ്വാഗതാര്‍ഹമെന്ന് യു.എന്‍ വ്യക്തമാക്കി.
യുഎസ് മുന്നോട്ട് വെച്ച് വെടിനിര്‍ത്തല്‍ നിര്‍ദേശം ഫലപ്രദമായ പരിഹാരമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. പ്രഖ്യാപിത നിലപാടുകളില്‍ ഊന്നിയ ഏതൊരു ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. രാവിലെ എട്ടുമുതല്‍ വൈകിട്ട് ഏഴുമണി വരെയുള്ള വെടിനിര്‍ത്തല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരാനായിരുന്നു സേനാ തീരുമാനം. ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള കറം അബൂസാലിം ക്രോസിങ്ങിനടുത്ത് ട്രക്കുകള്‍ക്ക് പ്രശ്‌നങ്ങളില്ലാതെ എത്താന്‍ ഇത് വഴിയൊരുക്കും.
സലാഹുദ്ദീന്‍ ഹൈവേയിലൂടെ സുഗമ യാത്രക്കും വെടിനിര്‍ത്തല്‍ സഹായകരമാകും. എന്നാല്‍ നടപടിയെ തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു രംഗത്തുവന്നു. പകല്‍ വെടിനിര്‍ത്തല്‍ എന്ന സൈനിക തീരുമാനം കൈക്കൊണ്ട വിഡ്ഢിയെ പുറന്തള്ളുമെന്ന് നെതന്യാഹു താക്കീതും ചെയ്തു.
ഇസ്രായേല്‍ സൈനിക, രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയിലെ ഭിന്നതയാണ് ഇതോടെ കൂടുതല്‍ രൂക്ഷമായത്. അന്താരാഷ്ട്ര ഏജന്‍സികളും യു.എന്നുമായുള്ള ചര്‍ച്ചകള്‍ക്കുശേഷമാണ് വെടിനിര്‍ത്തല്‍ തീരുമാനമെന്ന് സൈന്യം അറിയിച്ചിരുന്നു. ഇസ്രായേല്‍ സൈന്യം കഴിഞ്ഞ മാസം റഫയിലേക്ക് കടന്നതോടെ കറം അബൂസാലിം ക്രോസിങ് വഴി സഞ്ചാരം തടഞ്ഞിരുന്നു. ഖാന്‍ യൂനുസ്, മുവാസി, മധ്യ ഗസ്സ എന്നിവിടങ്ങളിലേക്കുമുള്ള സഹായ വിതരണവും ഇതോടെ തടസപ്പെടുകയായിരുന്നു.
അതിനിടെ, താന്‍ മുന്നോട്ടു വെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ചാല്‍ ഗാസയില്‍ സമാധാനം ഉറപ്പാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ബക്രീദ് ദിന സന്ദേശത്തിലാണ് ബൈഡന്റെ പ്രതികരണം. ഗസ്സയില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടിരിക്കെയുള്ള പെരുന്നാള്‍ ഏറെ ദുഃഖകരം തന്നെയാണെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.
ആക്രമണം അവസാനിപ്പിക്കുക, സൈന്യം ഗസ്സ വിടുക ഉള്‍പ്പെടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ അംഗീകരിക്കുന്ന ഏതൊരു വെടിനിര്‍ത്തല്‍ ചര്‍ച്ചയോടും അനുഭാവം തന്നെയാണുള്ളതെന്ന് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. ഇസ്രായേല്‍ ആക്രമണത്തിനിടയില്‍ ആയിരുന്നു ഗസ്സ നിവാസികളുടെ ഇന്നലത്തെ പെരുന്നാള്‍ ആഘോഷം. മസ്ജിദുല്‍ അഖ്‌സയില്‍ പെരുന്നാള്‍ നമസ്‌കാരത്തിനെത്തിയവരെ സുരക്ഷാ വിഭാഗം തടഞ്ഞു. ഗസ്സയിലുടനീളം പട്ടിണി പിടിമുറുക്കുന്നതായി യു.എന്‍ മുന്നറിയിപ്പ് നല്‍കി.