പശ്ചിമേഷ്യയെ ആശങ്കയിലാക്കി ഇസ്രയേൽ – പലസ്തീൻ സംഘർഷം യുദ്ധത്തിലേക്കു നീങ്ങുന്നു. പലസ്തീൻ വിമോചനത്തിനുവേണ്ടി പോരാടുന്ന ഹമാസ്, ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതോടെയാണ് വീണ്ടുമൊരു തുറന്നപോരാട്ടത്തിലേക്ക് ഇരുരാജ്യങ്ങളും കടക്കുന്നത്. പിന്നാലെ ഇസ്രയേൽ സൈന്യവും ‘യുദ്ധസന്നദ്ധത’ പ്രഖ്യാപിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് ഓപ്പറേഷൻ അൽ-അഖ്‌സ സ്റ്റോം എന്ന പേരിൽ ഇസ്രയേലിനെതിരെ ഹമാസ് ആക്രമണം ആരംഭിച്ചത്. ഇസ്രയേലിലേക്ക് 5000 റോക്കറ്റുകൾ തൊടുത്തതായി ഹമാസിന്റെ സൈനികവിഭാഗം നേതാവ് മുഹമ്മദ് ഡീഫ് പരസ്യപ്രസ്താവനയിലൂടെ അറിയിച്ചു. ഹമാസ് ഭീകരരുടെ ആക്രമണത്തില്‍ ഒരു ഇസ്രായേലിവനിത കൊല്ലപ്പെട്ടു; നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു. ഇതേ തുടര്‍ന്നാണ് തിരിച്ചടിക്കുമെന്ന് പ്രഖ്യാപനവുമായി ഇസ്രായേല്‍ രംഗത്തെത്തിയത്.
റോക്കറ്റ് ആക്രമണത്തിനുപിന്നാലെ ഗാസ മുനമ്പിൽനിന്ന് 80 കിലോമീറ്റർ പരിധിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റിന്റെ ഓഫീസ് അറിയിച്ചു. ഇസ്രയേലി സൈനികരെ ഹമാസ് പിടികൂടി ഗാസ മുനമ്പിലേക്കു കൊണ്ടുപോയതായി സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങളുണ്ട്. ഇസ്രയേലിലെ സ്‌ഡെറോട്ടിലെ പൊലീസ് സ്‌റ്റേഷന്റെ നിയന്ത്രണം ഹമാസ് പിടിച്ചെടുത്തതായി ഇസ്രയേൽ ബ്രോഡ്‌കാസ്റ്റിംഗ് അതോറിറ്റിയും റിപ്പോർട്ട് ചെയ്തു. അതിനിടെ, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു