Tuesday, November 26, 2024

ഇസ്രായേല്‍-പലസ്തീന്‍ വിഷയം; മധ്യസ്ഥത വഹിക്കാന്‍ ചൈന

സംഘര്‍ഷം തുടരുന്ന ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചകളുമായി ചൈന. ഇരു രാജ്യങ്ങളിലേയും വിദേശകാര്യ മന്ത്രിമാരോട് ചൈന ഇക്കാര്യം അറിയിച്ചതായാണ് വിവരം. നേരത്തെ സൗദി അറേബ്യയും ഇറാനും നയതന്ത്ര ബന്ധം പുനരാരംഭിച്ചത് ചൈനയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

അധിനിവേശ വെസ്റ്റ്ബാങ്കില്‍ പലസ്തീനും ഇസ്രായേലും തമ്മില്‍ നടക്കുന്ന സംഘട്ടനങ്ങളെ തുടര്‍ന്ന് മുന്‍പും ചര്‍ച്ചകള്‍ നടന്നിരുന്നു. യുഎസ്‌, ഈജിപത്‌, ജോർദാൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളായിരുന്നു ഇതിനു മധ്യസ്ഥത വഹിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ക്കു പിന്നാലെ സംഘര്‍ഷം തുടര്‍ന്നു. ഇതേ തുടര്‍ന്നാണ് വിഷയത്തില്‍ ചൈനയുടെ ഇടപെടല്‍.

‘ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ചൈനക്ക് കടുത്ത ആശങ്ക ഉണ്ട്. അതിനാല്‍ സമാധാന സംഭാഷണം പുനരാരംഭിക്കുന്നതിനു പിന്തുണ നല്‍കാന്‍ ചൈന തയ്യാറാണ്’ – ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങ്ങ് പറ‍ഞ്ഞു. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുളള രാഷ്ട്രീയ ധീരത ഇരുരാജ്യങ്ങളും കാണിക്കണമെന്നും, ബദ്ധവൈരികളായ സൗദി അറേബ്യയും ഇറാനും തമ്മില്‍ ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ചത് മാതൃകയാക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അതേസമയം, മധ്യപൂർവ്വ ദേശത്ത് സ്വാധീനം ഉറപ്പിക്കാനുള്ള ചൈനയുടെ ശ്രമമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest News