കേരള ഹൈക്കോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികള്‍ക്ക് നോട്ടീസ് അയക്കും. രാജ്യത്ത് ആദ്യമായി കേരള ഹൈക്കോടതിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പോസ്റ്റല്‍ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസുകളില്‍ നോട്ടീസ് പുറപ്പെടുവിച്ചാലും കക്ഷികള്‍ക്ക് നോട്ടീസ് കിട്ടാതിരുന്നും, വൈകി ലഭിക്കുന്നതും കാരണം കേസ് നടപടികള്‍ വൈകുന്ന സംഭവങ്ങള്‍ നടന്നിട്ടുണ്ട്.
ഇ പോസ്റ്റല്‍ സംവിധാനം വന്നതോടെ ഒറ്റ ദിവസം കൊണ്ട് തന്നെ നോട്ടീസ് കക്ഷികള്‍ക്ക് നല്‍കാനാവുന്ന സാഹചര്യമാണ് വരുന്നത്. ഇ മെയില്‍ വഴി നോട്ടീസ് അയക്കുന്നതിനെക്കാള്‍ കൃത്യത ഈ പോസ്റ്റിലൂടെ ലഭിക്കും. ഇ പോസ്റ്റ് വഴി അയക്കുന്ന നോട്ടീസ് കക്ഷികള്‍ക്ക് ലഭിച്ചു എന്ന് ഉറപ്പു വരുത്താനുമാവും. തിരുവനന്തപുരം ജില്ലയിലെ കക്ഷികള്‍ക്കാണ് ആദ്യ ഘട്ടമായി ഈ സംവിധാനത്തിലൂടെ നോട്ടീസ് അയച്ചു തുടങ്ങുക. തുടര്‍ന്ന് ഫലപ്രദമെന്ന് കണ്ടാല്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.